വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തിരുമുറ്റവും അകത്തളവും കൃഷ്ണശില പാകുന്ന പ്രവൃത്തികൾ ആരംഭിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗണപതി നടയിലാണ് കൃഷ്ണശില വിരിക്കുന്ന പണി തുടങ്ങിയത്. തിരുമുറ്റം മുഴുവൻ ശില വിരിക്കുന്നതിനാവശ്യമായ 60 ടൺ കൃഷ്ണശില ബംഗളൂരുവിൽ നിന്നാണ് ക്ഷേത്രത്തിലെത്തിക്കുന്നത്.കൃഷ്ണശില വിരിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികളുടെ നേതൃത്വത്തിൽ നടക്കുന്ന പണികൾ പത്ത് ദിവസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിടപ്പള്ളി, ബലിക്കൽ പുര, മാതൃശാല എന്നിവയുടെ പണികൾ ഇതിനകം പൂർത്തിയിട്ടുണ്ട്. തച്ച് ശാസ്ത്ര വിദഗ്ദ്ധൻ മോനാട്ട് ഗോവിന്ദൻ നമ്പൂതിരിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പണികൾ നടക്കുന്നത്.