പാലാ: കൊവിഡാണെന്ന് തെറ്റിധരിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ച സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പരാതിക്കാരിയിൽ നിന്നും മൊഴിയെടുത്തു. തുടർന്ന് കൊഴുവനാൽ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ ജോർജ്, ആശാ പ്രവർത്തക സോണിയ. ജി, തൊഴിലുറപ്പ് ഓവർസീയർ ജിൻസി എന്നിവരിൽ നിന്നും ഇതുസംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചറിയും.അതേസമയം ഇന്ന് 11.30ന് ചേരുന്ന കൊഴുവനാൽ പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ച ചെയ്യും. പഞ്ചായത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിനു കാരണക്കാരായവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് ഭരണപ്രതിപക്ഷഭേദമെന്യേയുള്ള ഭൂരിപക്ഷം അംഗങ്ങളും. പഞ്ചായത്തു കമ്മിറ്റിയിൽ നേരിട്ട് പങ്കെടുക്കാനാവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ ജോർജിന് പഞ്ചായത്ത് അധികാരികൾ കത്തു നൽകിയിട്ടുണ്ട്. ഇതിന് മുമ്പ് രണ്ടു തവണ വിളിച്ചപ്പോഴും മെഡിക്കൽ ഓഫീസർ പഞ്ചായത്തിൽ എത്തിയിരുന്നില്ല. ഇത്തവണ കൂടി ഹാജരാകാത്ത പക്ഷം മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് ഇതു സംബന്ധിച്ച് പരാതി നൽകാനാണ് പഞ്ചായത്ത് അധികൃതരുടെ നീക്കം. ചില പഞ്ചായത്ത് മെമ്പർമാർ ആശാ പ്രവർത്തകർക്കൂടി ആയതിനാൽ കുറ്റക്കാരെ ഏതുവിധേനയും രക്ഷപ്പെടുത്തുന്നതിനുള്ള നീക്കവും സജീവമാണ്. ആദ്യം ചില യൂണിയൻ നേതാക്കൾ വിഷയത്തിൽ ഇടപെട്ടൂവെങ്കിലും ഗുരുതരമായ അലംഭാവമാണ് ഇക്കാര്യത്തിൽ തങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് ഉണ്ടായതെന്ന് ബോധ്യപ്പെട്ടതോടെ പിൻവലിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ ഗുരുതരമായ കൃത്യവിലോപം കാട്ടിയതായാണ് പഞ്ചായത്ത് അധികാരികളുടെ നിഗമനം.