കട്ടപ്പന: യുവതിയെ ഭർതൃവീട്ടുകാർ മർദ്ദിച്ചെന്ന പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തു. കാഞ്ചിയാർ ലബ്ബക്കട സ്വദേശിനിയെ ഭർത്താവിന്റെ പിതാവ്, അമ്മ, സഹോദരി എന്നിവർ നിരന്തരം മർദ്ദിച്ചതായാണ് പരാതി. മൂവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മർദ്ദനമേറ്റ യുവതി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അനാഥാലയത്തിൽ കഴിഞ്ഞിരുന്ന യുവതിയുടേത് രജിസ്റ്റർ വിവാഹമായിരുന്നു. ഇതേത്തുടർന്ന് വീട്ടിൽ കയറ്റാൻ ഭർതൃവീട്ടുകാർ സമ്മതിച്ചിരുന്നില്ല.
പിന്നീട് കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങി എത്തിയപ്പോൾ വീട്ടിൽ കയറ്റാൻ സമ്മതിക്കാതെ മർദിച്ചതായും യുവതി പറയുന്നു. പിന്നീട് കട്ടപ്പന പൊലീസിന്റെ സഹായത്തോടെയാണ് വീട്ടിൽ കയറി താമസിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് ഏറ്റവുമൊടുവിൽ മർദ്ദനമേറ്റത്. ഭർത്താവിനൊപ്പം പുറത്തുപോയി തിരികെ എത്തിയപ്പോൾ മൂവരും ചേർന്ന് മർദ്ദിച്ചതായി യുവതി പറയുന്നു. സഹോദരിയുടെ കുട്ടികളുടെ മുന്നിൽ വസ്ത്രങ്ങൾ വലിച്ചുകീറി. ഭർത്താവിനും മർദനമേറ്റു. അനാഥയാണെന്നും സ്ത്രീധനം കൊണ്ടുവന്നിട്ടില്ലെന്നും കറുത്തിട്ടാണെന്നും പറഞ്ഞാണ് മർദനം. കുട്ടികൾ ഉണ്ടാകരുതെന്ന് വിലക്കിയിട്ടുണ്ടെന്നും യുവതി ആരോപിച്ചു. പല ദിവസങ്ങളിലും പട്ടിണിയായിരുന്നു. തുടർന്ന് സാധനങ്ങൾ വാങ്ങി മുറിയിൽ സ്വന്തമായി പാകം ചെയ്താണ് കഴിച്ചിരുന്നത്. ഭർത്താവിനെ അപായപ്പെടുത്താനും ഇവർ ശ്രമിക്കുന്നതായി യുവതി ആരോപിച്ചു.