കുമരകം: വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിനായി പോയി മടങ്ങിയ മത്സ്യതാെഴിലാളികളുടെ 10 വള്ളങ്ങൾ പോളയിൽ കുടുങ്ങി. ബോട്ട് ജെട്ടി തോട്ടിലേക്ക് ഉള്ള പ്രവേശനകവാടത്തിലാണ് മണിക്കൂറുകളോളം മത്സ്യതൊഴിലാളികൾ കുടുങ്ങിക്കിടന്നത്. പുലർച്ചെ കായലിൽ നിന്നും ആഞ്ഞടിച്ച പടിഞ്ഞാറൻ കാറ്റിൽ കായലിൽ ഉണ്ടായിരുന്ന പോളകൾ അത്രയും മുഖവാരത്തിലേക്ക് വന്നടിയുകയായിരുന്നു. തോട്ടിൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിരുന്നതിനാൽ പോള തോട്ടിലേക്ക് പോലും ഒഴുകി മാറാൻ ആകാതെ കെട്ടിക്കിടക്കുകയായിരുന്നു.കാറ്റിന്റെ ശക്തി കൂടിയതോടെ കൂടുതൽ പോളകൾ വന്നടിഞ്ഞതാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്. കാറ്റിൽ അടി ഉലഞ്ഞ് വള്ളം മുങ്ങാനുള്ള സാധ്യത മുന്നിൽകണ്ട് വിവരം കരയിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. വടവും കഴുക്കോലും ഉപയോഗിച്ച് മണിക്കൂറുകൾ പരിശ്രമിച്ചാണ് വള്ളക്കാരെ കരയിലെത്തിച്ചത്.