കുമരകം: അപകടാവസ്ഥയിലായ തണൽമരം മുറിച്ച് നീക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് കാട്ടിയ അനാസ്ഥയെ തുടർന്ന് ഒരു പ്രദേശമാകെ ഇരുട്ടിൽ. കവണാറ്റിൻകര ലക്ഷ്മി റിസോർട്ടിന് മുൻവശം 11 കെ.വി ലൈനിലേക്കാണ് കൂറ്റൻ തണൽമരം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ ചാഞ്ഞ് നിൽക്കുന്നത്. കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും പലതവണ മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും മരം വീണ്ടും ലൈനിലേക്ക് ചാഞ്ഞതോടെ വൈദ്യതി വിതരണം അടിക്കടി തകരാറിലായി. മരം മറിഞ്ഞ് അപകടം ഉണ്ടാകാതിരിക്കാൻ കുമരകത്തെ വൈദ്യതി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഈ ഭാഗത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കുകയാണ്. മരം ചായുന്നതിനനുസരിച്ച് റോഡിലെ ടാറിങ്ങും വിണ്ടുകീറുകയാണ്. മൂന്ന് മാസം മുമ്പുണ്ടായ ശക്തമായ കാറ്റിൽ കവണാറ്റിൻകര ഭാഗത്ത് നിരവധി തണൽമരങ്ങൾ മറിഞ്ഞിരുന്നു. അന്ന് സ്ഥലത്തെത്തിയ കോട്ടയം കളക്ടർ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.