കട്ടപ്പന: ഉപ്പുതറ സി.എച്ച്.സിയിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ഇന്നലെ അഭൂതപൂർവമായ ജനത്തിരക്ക്. 600 ഡോസ് വാക്‌സിൻ സ്വീകരിക്കാനെത്തിയത് 1300ൽപ്പരം പേർ. 700ലധികം പേർ മണിക്കൂറുകളോളം കാത്തുനിന്ന ശേഷം നിരാശരായി മടങ്ങി. ഇന്നലെ വാക്‌സിൻ വിതരണത്തോടൊപ്പം കൊവിഡ് പരിശോധനയും ഉണ്ടായിരുന്നതിനാണ് തിരക്ക് വർദ്ധിച്ചത്. ടോക്കൺ എടുക്കാനായി രാവിലെ 9.30 ഓടെ ആളുകളുടെ നിര മുക്കാൽ കിലോമീറ്ററിലധികം നീണ്ടു. പൊലീസ് സ്ഥലത്തെത്തി സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശിച്ച് മടങ്ങി. ഇതോടെ എല്ലാവരും നിയന്ത്രണങ്ങൾ മറന്ന് കൂട്ടംകൂടി.
വാർഡുകൾ കേന്ദ്രീകരിച്ചും ഉപ്പുതറ പള്ളിയുടെ പാരിഷ് ഹാളിലുമായി ക്യാമ്പ് നടത്താൻ പഞ്ചായത്തും ആരോഗ്യ വകുപ്പും ആലോചിച്ചിരുന്നെങ്കിലും തുടർനടപടി സ്വീകരിച്ചിരുന്നില്ല. പട്ടിക വർഗ കോളനികൾ ഒഴികെ വാർഡ് തലത്തിലോ ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറത്തോ ക്യാമ്പ് നടത്തണമെങ്കിൽ കളക്ടറുടേയോ, ജില്ല നോഡൽ ഓഫീസറുടേയോ അനുമതി വേണമെന്നാണ് ആരോഗ്യ പ്രവർത്തകർ അറിയിച്ചത്. ഇന്നലെ മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടക്കുന്ന വിവരം പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതോടെ രാവിലെ മുതൽ ആളുകൾ കൂട്ടമായി എത്തി. അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഏലപ്പാറ, പീരുമേട്, പെരുവന്താനം പഞ്ചായത്തുകളിൽ നിന്നുള്ളവരും സ്ഥലത്തെത്തി.