കോട്ടയം: ''ദിവസവും നൂറ് രൂപ എന്നെ ഏൽപ്പിക്ക്, ഞാൻ നിങ്ങളെ ലോകം കാണിക്കാം'' . പറയുന്നത് മറ്റാരുമല്ല, 'സഞ്ചാരി' സന്തോഷ് ജോർജ് കുളങ്ങരയാണ്. ലോക കാഴ്ചകൾ കണ്ടും കാണിച്ചും കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ സന്തോഷ് ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ ആദ്യ ബഹിരാകാശ ടൂറിസ്റ്റെന്ന വിശേഷണം ഉടനെ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് സ്വന്തമാകും. റിച്ചാർഡ് ബ്രാൻസൺ ചെയർമാനായുള്ള വെർജിൻ ഗലാക്ടിക് എന്ന കമ്പനിയാണ് ബഹിരാകാശത്തേയ്ക്ക് യാത്രയൊരുക്കുന്നത്. യാത്രാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സന്തോഷ്.
യാത്ര ഏത് നിമിഷവും
2005ലാണ് ബഹിരാകാശ ടൂറിസത്തെപ്പറ്റി അറിയുന്നത്. അന്ന് മുതൽ അതിനു പിന്നാലെയാണ്. ആപ്ളിക്കേഷൻ നൽകി യാത്രാ ടീമിന്റെ ഭാഗമായതോടെ കഠിനമായ പരിശീലനം. 2010 ൽ യാത്രയുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും നീണ്ടു. ഇനിയിപ്പോൾ ഏത് നിമിഷവും യാത്രയുണ്ടാവും. പൂർണ സജ്ജമാണ്.
ബഹിരാകാശ യാത്ര
എനിക്ക് പറ്റുമെങ്കിൽ ഏത് സാധാരണക്കാരനും ബഹിരാകാശത്തേയ്ക്ക് യാത്ര ചെയ്യാം. ഇനിയുള്ള കാലം ബഹിരാകാശ ടൂറിസത്തിന്റേതാണ്. ആഫ്രിക്കയും അമേരിക്കയും ഉൾപ്പെടെ ഓരോ രാജ്യങ്ങളും കണ്ടെത്തി അവിടുത്തെ കാഴ്ചകളും സംസ്കാരവും ലോകത്തിന് പകർന്ന് കൊടുക്കുകയായിരുന്നു ആദ്യം. ഇപ്പോൾ ഭൂമിയുടെ മുഴുവൻ സാദ്ധ്യതകളും പ്രയോജനപ്പെടുത്തിയ സ്ഥിതിക്ക് ഇനി ബഹിരാകാശ ടൂറിസത്തിന്റെ കാലമാണ്.
കഠിന പരിശീലനങ്ങൾ
കഠിന പരിശീലനമാണ് നടന്നത്. ഏറ്റവും പ്രധാനം ശരീരഭാരം എട്ടുമടങ്ങായി ഉയർന്നെന്ന് തോന്നിപ്പിക്കുന്നതും ശരീരത്തിന് ഭാരമേയില്ലെന്ന് തോന്നിപ്പിക്കുന്നതുമായ അവസ്ഥകളെ കൈകാര്യം ചെയ്യുകയെന്നതാണ്. ആദ്യ ഘട്ടങ്ങളിൽ ഛർദ്ദിയും മറ്റും അനുഭവപ്പെട്ടു. പ്രത്യേക വിമാനത്തിൽ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലേയ്ക്ക് കുത്തനെ പതിക്കും. ആദ്യം ഭയം തോന്നും. പിന്നീട് കൗതുകത്തിനും തമാശയ്ക്കുമൊക്കെ ആ അനുഭവം വഴിമാറും.
യാത്രയെക്കുറിച്ചുള്ള ഭയപ്പാട്
മരണത്തെക്കുറിച്ചൊന്നും ഞാൻ ബോധവാനേയല്ല. ബഹിരാകാശ യാത്രയുടെ ആദ്യഘട്ടങ്ങളിൽ അപകമുണ്ടായിട്ടുണ്ട്. ഏതൊരു യാത്രയ്ക്കുമുള്ള റിസ്കേ സ്പെയ്സ് യാത്രയ്ക്കുമുള്ളൂ. മുൻപ് ബഹിരാകാശത്തേയ്ക്ക് പോയ പേടകങ്ങൾ പൊട്ടിത്തെറിച്ചിട്ടുണ്ട്. മരണം അത് എപ്പോഴും കൂടയുള്ളതല്ലേ. കൊവിഡ് ബാധിച്ച് മരിക്കുന്നതിലും ഭേദമല്ലേ, ചരിത്രത്തിന്റെ ഭാഗമായുള്ള മരണം.
പ്ളാനിംഗ് ബോർഡ് അംഗമായത്
ഞാൻ ഒരു രാഷ്ട്രീയത്തിന്റെയും വക്താവല്ല. സഞ്ചാരിയും മാദ്ധ്യമ പ്രവർത്തകനുമാണ്. കാൽനൂറ്റാണ്ട് നീണ്ട എന്റെ യാത്രാനുഭവങ്ങളും സേവനങ്ങളും പങ്കുവയ്ക്കും. രാഷ്ട്രീയ ഉദ്യോഗസ്ഥ തീരുമാനങ്ങൾക്കിടയിൽ സ്ഥാനം കിട്ടിയാൽ തുടരും. മറിച്ചാണെങ്കിൽ ആ കുപ്പായം ഊരിവയ്ക്കും.
കേരളത്തിന്റെ ടൂറിസം സാദ്ധ്യത
വിശാലമായ ടൂറിസം സാദ്ധ്യതയുണ്ട് കേരളത്തിന്. നമ്മുടെ പൈതൃകം, തൊഴിൽ സംസ്കാരം, ഭക്ഷണ വൈവിദ്ധ്യം, ഇവയൊക്കെ ക്രിയേറ്റീവായി ലോകത്തിന് മുന്നിൽ തുറന്നുവയ്ക്കുമ്പോൾ സഞ്ചാരികളെത്തും. റിസോർട്ടുകളോട് അകലം പാലിച്ചിട്ട് കാര്യമില്ല. നമ്മുടെ അതിഥികൾക്ക് നല്ല വാസസ്ഥലമൊരുക്കാൻ റിസോർട്ടുകൾ വേണം. അവരുടെ പണം പരമാവധി ഇവിടെ ചെലവഴിക്കാനുള്ള സാഹചര്യമൊരുക്കണം.