ചങ്ങനാശേരി: സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കുറിച്ചി, കുഴിമറ്റം പ്രദേശങ്ങളിലുള്ളവർക്ക് . പരിസരത്തെല്ലാം ആഫ്രിക്കൻ ഒച്ചിന്റെ അതിരൂക്ഷമായ ശല്യം. മഴ ശക്തമായതോടെയാണ് ഒച്ചുകൾ പെരുകിയത്. വീടിന്റെ ഉമ്മറത്തും മുറ്റത്തും അടുക്കളയിലും മതിലിലും പൈപ്പിൻ ചുവട്ടിലും കിണറ്റിൻ കരയിലും കാർഷിക വിളകളിലുമെല്ലാം ആഫ്രിക്കൻ ഒച്ചുകൾ നിറഞ്ഞിരിക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാര നടപടികൾ ഇല്ലാതെ വന്നതോടെ നാട്ടുകാർ ദുരിതത്തിലായി.
മഴപെയ്താൽ ഒച്ചുകൾ മുറിയ്ക്കുള്ളിലും പാത്രങ്ങളിലുമെല്ലാം വന്നിരിക്കും. ഉപ്പ് വിതറിയാണ് താത്ക്കാലികമായി ഇവയെ തുരത്തുന്നത്. എന്നാൽ ഓരോ ദിവസവും ശല്യം കൂടി വരികയാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിൽ വാഹനം കയറി ചത്തുകിടക്കുന്ന ഒച്ചുകളുടെ തോട് കൊണ്ട് കാൽനടയാത്രക്കാരുടെ കാൽ മുറിയുന്നതും പതിവാണ്.
ഒച്ചിന്റെ ശല്യം കൂടുതൽ കുറിച്ചി, കുഴിമറ്റം മേഖലകളിൽ
മുൻ വർഷത്തേക്കാൾ രൂക്ഷമായെന്ന് പ്രദേശവാസികൾ
ഉപ്പ് വിതറാൻ നിർദേശിച്ച് ആരോഗ്യവകുപ്പ് കൈമലർത്തി.
വ്യാപനത്തിനു കാരണം മഴയും അന്തരീക്ഷത്തിലെ ഈർപ്പവും.
തെങ്ങും വാഴയും അടക്കമുള്ള വിളകൾക്കും നാശമുക്കാക്കും
'ഉപ്പിട്ട് കൊല്ലുകയെന്നത് താത്കാലിക പരിഹാരം മാത്രമാണ്. ഒന്നിനൊന്ന് പെരുകി വരുന്ന ഇവയെ പൂർണ്ണമായി നശിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തരമായി ഉണ്ടാവണം.'
- ആൻസി മോൾ, കുറിച്ചി