മുണ്ടക്കയം : മരച്ചീനി വിലയിടിവിൽ നട്ടംതിരിഞ്ഞ് ഹൈറേഞ്ചിലേ കപ്പ കർഷകർ. കൃഷിക്ക് വിനിയോഗിച്ച മുടക്കുമുതൽ പോലും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഒരുകിലോയ്ക്ക് 7 മുതൽ 10 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. ഓണവും - ബക്രീദും മുന്നിൽ കണ്ട് കൃഷിയിറക്കിയവരാണ് ഏറ്റവും പ്രതിസന്ധിയിലായത്. ഇതിന് പിന്നാലെ കാലംതെറ്റി മഴയുമെത്തി.
മുൻപ് 15 മുതൽ 20 രൂപ വരെ കർഷകന് ലഭിച്ചിരുന്നു. കിലോയ്ക്ക് 20 രൂപയാണ് ഇപ്പോഴത്തെ വിപണി വില. ഇതിൽ 10 രൂപയിലധികവും ഇടനിലക്കാരാണ് കൊണ്ടുപോകുന്നത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചെറുകിട വ്യാപാരികൾ കപ്പ കൂടുതലായി വാങ്ങാൻ വിമുഖത കാട്ടുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ കപ്പ ഉയർന്ന വിലയ്ക്ക് വിറ്റ് കൊള്ളലാഭം കൊയ്യുകയാണ് ഇടനിലക്കാരെന്നാണ് ആക്ഷേപം. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

ഇടനിലക്കാരുടെ കൊള്ളയാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. നമ്മുടെ നാട്ടിൽ കപ്പ ധാരാളം ലഭിക്കുമ്പോഴും വില ഇടിക്കാൻ ഇടനിലക്കാർ അന്യസംസ്ഥാനങ്ങളിൽനിന്ന് വലിയതോതിൽ കപ്പ ഇറക്കുമതി ചെയ്യുകയാണ്.

ജേക്കബ്, മണിയിലായിൽ

ഒരുകിലോ കപ്പയ്ക്ക് : 7- 10

മുൻപ് വില : 15-20