കുമരകം: കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വാക്‌സിനേഷൻ വിതരണം സുതാര്യമല്ലെന്ന് ആരോപണം. ആശാവർക്കർമാർ വാക്‌സിനേഷൻ എടുക്കുന്നതിന് ആളുകളെ ക്ഷണിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മാനദണ്ഡങ്ങൾ മറികടന്നാണ് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തുന്നതെന്നുമാണ് പഞ്ചായത്തംഗങ്ങളുടെയും ആശുപത്രി വികസനസമിതി അംഗങ്ങളുടെയും പരാതി. സ്‌പോട്ട് രജിസ്‌ടേഷൻ നടത്തിയത് തങ്ങളെ അറിയിച്ചില്ലെന്നും ഇവർ പറയുന്നു. കുമരകം സി.എച്ച്.എസിയിൽ ശനിയാഴ്ച്ച 950 പേർക്ക് നൽകിയ വാക്‌സിൻ വിതരണത്തെക്കുറിച്ചാണ് പ്രധാന പരാതി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ, എൽ.എച്ച്.എസ് തുടങ്ങിയവരുമായി ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു ,ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു, പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി വികസനസമിതി അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മാനദണ്ഡപ്രകാരം വാക്‌സിൻ വിതരണം നടത്തുമെന്ന് മെഡിക്കൽ ഓഫീസർ ഉറപ്പ് നൽകി.ആശാവർക്കർമാർ നൽകുന്ന ലിസ്റ്റ് പഞ്ചായത്ത് അംഗങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ സ്‌പോട്ട് വാക്‌സിനേഷൻ അനുവദിക്കുകയുള്ളൂ എന്നും ചർച്ചയിൽ തീരുമാനമായി.