കുമരകം : കുമരകം ബോട്ട് ദുരന്തത്തിന്റെ 19-ാം വാർഷികദിനം ഇന്ന്. രാവിലെ ഒമ്പതിന് കുമരകം, മുഹമ്മ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ ബോട്ടുജെട്ടികളിൽ അനുസ്മരണയോഗം നടത്തും. ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ മുഹമ്മയിൽ നിന്ന് രാവിലെ ഒമ്പതിന് പുറപ്പെടുന്ന ബോട്ട് കായലിൽ ദുരന്തമുണ്ടായ സ്ഥലത്ത് നിർത്തി പുഷ്പാർച്ചന നടത്തുമെന്ന് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. 2002 ജുലായ് 27ന് പുലർച്ചെ 5.45-ന് മുഹമ്മയിൽ നിന്ന് തിരിച്ച എ 53 ബോട്ട് രാവിലെ 6.10ന് കുമരകത്തിന് അരകിലോമീറ്റർ അകലെ അപകടത്തിൽപ്പെടുകയായിരുന്നു. പതിനഞ്ച് സ്ത്രീകളും പതിമൂന്ന് പുരുഷന്മാരും ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമടക്കം 29 പേരുടെ ജീവൻ നഷ്ടമായി. മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിൽ നിന്ന് പി.എസ്.സി പരീക്ഷ എഴുതാൻ തിരിച്ച ഉദ്യോഗാർഥികളും സ്ഥിരം യാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവില്പനക്കാരുമായിരുന്നു ബോട്ടിലെ യാത്രക്കാർ . ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മിഷൻ മരിച്ചവരുടെ ആശ്രിതർക്ക് 91.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്തിരുന്നു. ഒട്ടുമിക്കവർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.