കട്ടപ്പന: അന്യസംസ്ഥാന തൊഴിലാളികളുമായി വടക്കേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പുറപ്പെടാനൊരുങ്ങിയ ടൂറിസ്റ്റ് ബസുകൾ സി.ഐ.ടി.യു, ബി.എം.എസ്. തൊഴിലാളികൾ തടഞ്ഞു. ജില്ലയിലെ ടൂറിസ്റ്റ് ബസുകൾ ഓട്ടമില്ലാതെ കട്ടപ്പുറത്തായപ്പോൾ മറ്റ് ജില്ലകളിൽ നിന്നുള്ള ബസുകൾ എത്തി ഹൈറേഞ്ചിൽ സർവീസ് നടത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികളുടെ സമരം. യാത്രക്കായി തയാറെടുത്ത തൊഴിലാളികളെ ജില്ലയിൽ നിന്നുള്ള മറ്റൊരു ബസുകളിൽ സ്വദേശത്തേയ്ക്ക് അയച്ചു.
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ മുതലാണ് കട്ടപ്പന കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികളുമായി വടക്കേന്ത്യയിലേക്കും തിരിച്ചും ടൂറിസ്റ്റ് ബസ് സർവീസ് ആരംഭിച്ചത്. ജില്ലയിലെ തോട്ടങ്ങളിൽ തൊഴിലാളികളുടെ ക്ഷാമമുണ്ടായതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ എത്തിക്കാനും തുടങ്ങി. തൊഴിലാളികളുടെ കൊണ്ടുപോകാനും തിരികെ എത്തിച്ച് തോട്ടങ്ങളിലേക്ക് എത്തിക്കാനുമായി ഹൈറേഞ്ചിൽ വൻ സംഘമാണ് പ്രവർത്തിച്ചുവരുന്നത്.
ഹൈറേഞ്ചിലെ ടൂറിസ്റ്റ് ബസുകൾക്കും തൊഴിലാളികൾക്കും ഓട്ടം നൽകണമെന്നാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവച്ച ആവശ്യം. എന്നാൽ ഇത് അനുവദിക്കില്ലെന്നു മറ്റുള്ളവർ പറഞ്ഞതോടെ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ബസുകൾ ഇവിടെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു, ബി.എം.എസ്. നേതാക്കൾ പറഞ്ഞു. കട്ടപ്പനയിൽ നിന്ന് ജാർഖണ്ഡിലേക്ക് പുറപ്പെടാനൊരുങ്ങിയ തൊഴിലാളികളെയാണ് ഹൈറേഞ്ചിലെ ബസിൽ കയറ്റിവിട്ടത്. അടിയന്തരമായി വിഷയത്തിൽ ജില്ലാ ഭരണകൂടവും പൊലീസും ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.