കട്ടപ്പന: കല്ലുകൾ വീഴുന്നെന്ന പരാതിയുയർന്ന വളകോട് പുളിങ്കട്ടയിലെ വീടുകളിൽ ജില്ലാ ഭൗമശാസ്ത്ര സംഘം പരിശോധന നടത്തി. ജിയോളജിസ്റ്റ് വി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പാറവിളയിൽ സെൽവരാജ്, മരുമകൻ സുരേഷ് എന്നിവരുടെ വീടുകളും പുരയിടങ്ങളും സന്ദർശിച്ച് കല്ലിന്റെ സാമ്പിളുകൾ ശേഖരിച്ചു. ജലത്തിന്റെ സമ്മർദത്തെ തുടർന്ന് ഭൂമിയുടെ ഉപരിതലത്തിൽ നിന്നും കല്ല് അടർന്നുവീഴാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഇത്രയധികം കല്ലുകൾ വീടുകൾക്ക് മുകളിൽ പതിക്കാൻ സാദ്ധ്യതയില്ല. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തണം. എന്നാൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും ഭൗമശാസ്ത്ര സംഘം അഭിപ്രായപ്പെട്ടു.സെൽവരാജിന്റെ വീടിന്റെ കൽക്കെട്ട് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ഇതാണ് വീടിന് വിള്ളൽ വീഴാനുള്ള കാരണം. വീണ്ടും മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതിനാൽ വീട്ടുകാരെ മാറ്റി പാർപ്പിക്കുന്നതാണ് ഉചിതമെന്നും പരിശോധന റിപ്പോർട്ട് 2 ദിവസത്തിനകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകുമെന്നും ജിയോളജിസ്റ്റ് പറഞ്ഞു. അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരായ പി.എ. അജീബ്, ശബരിലാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.കഴിഞ്ഞ 2 മുതലാണ് ചെറിയ കല്ലുകൾ വീടുകളുടെ മുകളിലേക്ക് വീഴാൻ തുടങ്ങിയത്. ആദ്യദിവസങ്ങളിൽ രാത്രികാലങ്ങളിലായിരുന്നു കല്ലുവീഴ്ച. അടുത്ത ദിവസങ്ങളിലും ഇത് തുടർതോടെ മറ്റാരെങ്കിലും കല്ലെറിയുന്നതാണെന്ന് കരുതി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു.