lorri

ചങ്ങനാശേരി: ചങ്ങനാശേരി മാർക്കറ്റിൽ ചരക്ക് ലോറികൾ പാർക്ക് ചെയ്യുന്നതിനായി നിർമ്മിച്ച സ്റ്റാൻഡ് പശുത്തൊഴുത്തായി. ലോറികൾ മാർക്കറ്റിൽ കയറ്റാതെ റോഡിന്റെ ഇരുവശത്തും പാർക്ക് ചെയ്യുന്നതിനാൽ മാർക്കറ്റ് റോഡ് നിത്യം ഗതാഗത കുരുക്കിൽ. ഗതാഗതക്കുരുക്കു പരിഹരിക്കാൻ ലക്ഷ്യമിട്ട് നിർമിച്ച സ്റ്റാൻഡാണിത്.

നഗരസഭയുടെ 30 വാർഡിലാണ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. എട്ട് വർഷമായി സ്റ്റാൻഡ് ശോച്യാവസ്ഥയിൽ തുടരുന്നു. ഒന്നരഏക്കറോളം വരുന്ന നഗരസഭാ ഭൂമിയിൽ 58 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. മുപ്പതിലധികം ലോറി പാർക്ക് ചെയ്യാവുന്ന പ്രത്യേക ഷെഡും ബാക്കി ഭാഗം കോൺക്രീറ്റിങ്ങും പൂർത്തിയാക്കി. മാർക്കറ്റിലേക്കു ചരക്കുമായി എത്തുന്ന ലോറികൾ ഇവിടെ പാർക്ക് ചെയ്ത് സൗകര്യാർഥം വ്യാപാരസ്ഥാപനങ്ങളിൽ ചരക്കിറക്കി മടങ്ങുന്ന രീതിയിൽ ക്രമീകരിക്കാനായിരുന്നു നഗരസഭയുടെ തീരുമാനം. ചങ്ങനാശേരിയുടെ തന്നെ ഏറ്റവും തിരക്കുള്ള ഭാഗവും നിരവധി ആളുകൾ ചരക്ക് എടുക്കാനും ലോഡ് ഇറക്കാനുമായി ഇവിടെ എത്തുന്നുണ്ട്.

സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തതാണ് പ്രവർത്തനരഹിതമായതിന്റെ കാരണമെന്ന് നഗരസഭ അധികൃതർ പറയുന്നു. മാർക്കറ്റിൽ പുലർച്ചെ ചരക്കുകളുമായി എത്തുന്ന ലോറികൾ പാർക്ക് ചെയ്യുന്നതിനും ലോറി ഡ്രൈവർമാർക്കും ക്ലീനർക്കും വിശ്രമിക്കുന്നതിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും മറ്റും സജ്ജീകരണങ്ങൾ ഒരുക്കിയാണ് സ്റ്റാൻഡ് നിർമ്മിച്ചത്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനു പോലും സൗകര്യം ഇവിടെയില്ലാത്ത സ്ഥിതിയാണിപ്പോൾ. പൊതു സ്ഥലത്താണ് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതെന്ന് ഇവിടെയുള്ളവർ പറയുന്നു.

കെട്ടിടം പ്രവർത്തനരഹിതമായതോടെ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറി. സ്റ്റാൻഡിൽ നിർമ്മിച്ചിരിക്കുന്ന ഷെഡ്ഡിൽ പുറത്തു നിന്നുള്ള കാറുകളും മറ്റ് വാഹനങ്ങളുമാണ് പാർക്ക് ചെയ്യുന്നത്. സ്റ്റാൻഡിന്റെ പ്രവർത്തനം തുടങ്ങാത്തതിനാൽ ലോറികൾ രാപകൽ റോഡിന്റെ ഇരുവശത്തും ബൈപ്പാസ് റോഡിലും പാർക്ക് ചെയ്യുകയാണ്. ഇത് ഗതാഗതക്കുരുക്കിനു ഇടയാക്കുന്നു.

ചെറിയ പെട്ടി ലോറികൾ പാർക്ക് ചെയ്യുന്നത് സ്റ്റാൻഡിന്റെ മുൻവശത്തായാണ്. പാർക്ക് ചെയ്യുന്നതിനായി നിർമ്മിച്ച ഷെഡ്ഡിന്റെ മേൽക്കൂര പൊട്ടിപ്പൊളിഞ്ഞ് തകർന്ന നിലയിലുമാണ്. ഒരുവശത്തുകൂടി കയറി മറ്റൊരു വശത്തുകൂടെ ലോറി ഇറങ്ങിപ്പോകുന്ന രീതിയിലായിരുന്നു സ്റ്റാൻഡിന്റെ നിർമ്മാണം. എന്നാൽ ഇവിടം സ്വകാര്യ വ്യക്തിയുടേതായതിൽ ഈ വഴി അടച്ചു. ലോറി സ്റ്റാൻഡിന്റെ പ്രവർത്തനം ആരംഭിച്ചാൽ ഗതാഗതക്കുരുക്കിനു പരിഹാരമാകും. നഗരസഭയ്ക്ക് വരുമാനവും ഉണ്ടാകും.

സ്റ്റാൻഡ് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം വ്യാപാരികളുടെയും ഡ്രൈവർമാരുടെയും ആവശ്യം ശക്തമാകുന്നു. ഡെയ്‌ലി വരുമാനമുള്ള മാർക്കറ്റാണ് ചങ്ങനാശേരി മാർക്കറ്റ്. അന്യസംസ്ഥാനത്തു നിന്നുള്ള ഡ്രൈവർമാരും ജനങ്ങളും ഇവിടെയെത്തുന്നതാണ്. ലോറി സ്റ്റാൻഡ് പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ഇത്തവണത്തെ ആദ്യത്തെ നഗരസഭ കൗൺസിലിൽ വിഷയം അവതരിപ്പിച്ചിരുന്നു. എന്നാൽ നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നഗരസഭ കൗൺസിലർ മാത്യൂസ് ജോർജ് പറഞ്ഞു.