rubber

കോട്ടയം: ടയർ കമ്പനികൾ ഉൾപ്പെടെയുള്ള വ്യവസായികൾ കേന്ദ്രസർക്കാരിൽ പിടിമുറുക്കിയതോടെ ചിരട്ടപ്പാൽ (കപ്പ് ലംബ്) ഇറക്കുമതി ചെയ്യാൻ വീണ്ടും നീക്കം. ചിരട്ടപ്പാൽ ഇറക്കുമതി ചെയ്താൽ റബർ ഷീറ്റിന്റെ വില കുത്തനെ ഇടിയും. ഇതോടെ അല്പം ഉയർന്നുവന്ന റബർഷീറ്റിന്റെ വില ഉടൻ കീഴ്പ്പോട്ടാകാൻ സാദ്ധ്യത. ഇറക്കുമതി ചെയ്യാനുള്ള കപ്പ് ലംബിന്റെ നിലവാരം നിശ്ചയിക്കാൻ കേന്ദ്ര സ‌ർക്കാർ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിനോട് ആവശ്യപ്പെട്ടിരിക്കയാണ്. നാലു വർഷം മുമ്പും കപ്പ് ലംബ് ഇറക്കുമതി ചെയ്യാൻ നീക്കമുണ്ടായപ്പോൾ ഇത്തരത്തിൽ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ റബർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.

ഇത്തരത്തിൽ നിലവാര മാനദണ്ഡ‌ം തയ്യാറാക്കുന്നതിൽ പരിമിതിയുണ്ടെന്ന് റബർ ബോർഡ് വിദഗ്ധസമിതി റിപ്പോർട്ട് നൽകിയതനുസരിച്ച് അന്ന് ഇറക്കുമതി നീക്കം തത്ക്കാലം വേണ്ടെന്നുവച്ചിരുന്നു. 80 രൂപ മുതൽ 100 രൂപ വരെ നടപ്പുവിലയിൽ കപ്പ് ലംബ് ഇറക്കുമതിക്കുള്ള സാധ്യതയാണ് ലക്ഷ്യമിടുന്നത്. നിലവാരം നിശ്ചയിക്കുന്നത് സംബന്ധിച്ച് 29ന് യോഗം ചേരും.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ ബോർഡിന്റെ മേൽനോട്ടത്തിൽ റബർ കൃഷി വ്യാപനം നടത്തിവരികയാണ്. അസം, മേഘാലയം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് ഏക്കർ സ്ഥലത്താണ് റബർ കൃഷി ആരംഭിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നാണ് കപ്പ് റബർ തൈകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. അവിടെയുള്ള കർഷകർ പാലെടുത്ത് ഷീറ്റ് ആക്കുന്നതിന് പകരം കപ്പ് ലംബ് ആണ് ഒട്ടുമിക്കവരും ആക്കുന്നത്.

വ്യവസായികൾ കപ്പ് ലംബും ബ്ലോക്ക് റബറും മാത്രം വാങ്ങുന്ന സാഹചര്യമുണ്ടാകുമ്പോൾ കേരളത്തിൽ ഷീറ്റ് റബ്ബറിന് മാർക്കറ്റില്ലാതായി കർഷകർ നിസാര വിലയ്ക്ക് കപ്പ് ലംബ് വിൽക്കേണ്ട സാഹചര്യം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ കേരളത്തിലെ കർഷകർക്ക് പ്രതിഷേധവുമുണ്ട്.

ഇപ്പോൾ വ്യവസായ ലോബിയുടെയും ഇതര സംസ്ഥാന റബ്ബർ കമ്പനികളുടെയും സ്വാധീനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിലാണ് ഇറക്കുമതിക്ക് വേണ്ട കപ്പ് ലംബിന്റെ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ തീരുമാനമെടുത്തിട്ടുള്ളത്. ഇത്തരത്തിൽ ചിരട്ടപ്പാലിന് സ്റ്റാൻഡേർഡ് നിശ്ചയിച്ചാൽ ഉടൻ തന്നെ ഇറക്കുമതി തുടങ്ങും. ഇപ്പോഴത്തെ നിരക്കിൽ 75 രൂപയിൽ താഴെ മാത്രമേ കപ്പ് ലംബിന് വില ലഭിക്കാനിടയുള്ളൂവെന്നാണ് റബ്ബർ ബോർഡ് നല്കുന്ന സൂചന.