വൈക്കം : പ്രധാനമന്ത്റിയുടെ വിള ഇൻഷ്വറൻസ് പദ്ധതിയായ ഫസൽ ബീമ യോജന സ്‌കീമിൽ കഴിഞ്ഞ വർഷം അംഗങ്ങളായ നെൽകർഷകർക്ക് നഷ്ടപരിഹാരം നിഷേധിച്ചതിൽ പാടശേഖരസമിതികളുടെ നേതൃത്വത്തിൽ തലയാഴം കൃഷിഭവനുമുന്നിൽ സമരം നടത്തി. കഴിഞ്ഞവർഷത്തെ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലെയും കൃഷി നശിച്ചിരുന്നു. തലയാഴം പഞ്ചായത്തിലെ 95 ശതമാനം നെൽകൃഷിയും വെള്ളപ്പൊക്കത്തിൽ നശിച്ചു. ഏക്കറിന് 640 രൂപ പ്രീമിയം നൽകിയാണ് പദ്ധതിയിൽ ചേർന്നത്. 40 മുതൽ 50 ദിവസം പ്രായമായ നെൽച്ചെടികൾ ആണ് കഴിഞ്ഞ വർഷം വെള്ളപ്പൊക്കത്തിൽ നശിച്ചത്. ഏക്കറിന് ഏകദേശം ഇരുപതിനായിരത്തോളം രൂപ ചെലവായി. കൃഷിനാശം മൂലം പല കർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു. വനം സൗത്ത് പാടശേഖരസമിതി പ്രസിഡന്റ് സിബിച്ചൻ എടത്തിൽ സമരപരിപാടി വിശദീകരിച്ചു. വനം നോർത്ത് പാടശേഖരസമിതി കൺവീനർ ബേബി , വിവിധ പാടശേഖരസമിതി ഭാരവാഹികളായ സാബു നികർത്തിൽ, ബേബി കളപ്പുരയ്ക്കൽ കരി, ഷാജി, പ്രകാശൻ കടവിൽ, ബാവു കണ്ണുവെള്ളിക്കരി എന്നിവർ നേതൃത്വം നൽകി.