കോട്ടയം: തിരുനക്കര ജവഹർബാലഭവന് സമീപം നിയന്ത്രണം വിട്ട കാർ രണ്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. കാരാപ്പുഴ സ്വദേശിയായ ഓട്ടോഡ്രൈവർ ചന്ദ്രനാണ് പരിക്കേറ്റത്. ജവഹർ ബാലഭവന് മുന്നിലെ കയറ്റം കയറുന്നതിനിടെ കാറിന്റെ ഒരു വശത്തെ ചക്രങ്ങൾ തറനിരപ്പിൽ നിന്ന് ഉയർന്നു പൊങ്ങി. കാർ മറിയാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനൊപ്പം ആക്‌സിലേറ്റർ അമർത്തിയതോടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഈ സമയം കാരാപ്പുഴ ഭാഗത്തു നിന്നും എത്തിയ ബൈക്കിൽ കാറിടിച്ചു. ഇവിടെ നിന്ന് മുന്നിലേയ്ക്കു പാഞ്ഞ് എതിർ ദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇവിടെ നിന്നും വെട്ടിച്ച് മാറ്റിയ കാർ, റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം, റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. കടഭാഗികമായി തകർത്ത ശേഷമാണ് വാഹനം നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.