kuzhi

ചങ്ങനാശേരി : നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശത്തായി അപകടക്കെണിയൊരുക്കി വീണ്ടും കുഴി രൂപപ്പെട്ടു. ആഴ്ചകൾക്ക് മുൻപാണ് കുഴി മണ്ണിട്ടു മൂടി ടാർ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്നാണ് മൂടിയ കുഴി വീണ്ടും രൂപപ്പെട്ടത്. കൂടാതെ കുഴികളുടെ എണ്ണവും കൂടി. റോഡിന്റെ അറ്റകുറ്റപ്പണികൾ പേരിന് മാത്രമായി ഒതുങ്ങുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. വാട്ടർഅതോറിറ്റിയുടെ പൈപ്പ് ലൈൻ ഇതുവഴിയാണ് കടന്നു പോകുന്നത്. പമ്പിംഗ് പവർ കൂടുമ്പോൾ പൈപ്പ് ലൈൻ പൊട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത് പതിവായിരുന്നു. ഇരുവശങ്ങളിൽ നിന്ന് വരുന്ന ബസുകൾ ഇറങ്ങിപ്പോകുന്ന പ്രധാന കവാടത്തിനു മുൻപിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. മഴ തുടർച്ചയായി പെയ്യുന്നതിനാൽ, കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകത്തിന് ഇടയാക്കും. ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തേയ്ക്ക് തെറിക്കുന്നതും പതിവാണ്.

ഗതാഗതക്കുരുക്കും തുടർക്കഥ

കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതിനായി എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കുന്നതിനായി മറുവശത്തേക്ക് കടന്നാണ് പോകുന്നത്. ഈ ഭാഗത്ത് ഗതാഗഗതക്കുരുക്കും രൂക്ഷമാണ്. രാത്രികാലങ്ങളിൽ എത്തുന്ന ഇരുചക്രവാഹനയാത്രികർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നുണ്ട്. കുഴി അടച്ച് റോഡ് റീടാർ ചെയ്യണമെന്നാണ് ആവശ്യം.