മുണ്ടക്കയം : കോരുത്തോട് കോസടി മാങ്ങപേട്ടയിൽ കാട്ടാനയും കാട്ടുപോത്തിന്റെയും ശല്യത്തിൽ പൊറുതിമുട്ടി കർഷകർ. കഴിഞ്ഞ ദിവസങ്ങളിലായി 25 ലധികം കർഷകരുടെ കൃഷിഭൂമികളാണ് കാട്ടാനകൾ നശിപ്പിച്ചത്. ശബരിമല വനത്തിൽ നിന്ന് ഇറങ്ങുന്ന ആനകൾ കൃഷിഭൂമിയിൽ വൻനാശം വിതച്ചാണ് മടക്കം. റബർമരങ്ങൾ കുത്തി മറിച്ചിടുകയും വാഴ,കൊക്കോ, ജാതി, കപ്പ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്നു. തെങ്ങിന്റെ തൊലി പിഴുതെടുക്കുകയുമാണ് പതിവ്. മാങ്ങാപേട്ട കോപാറ വരെ സോളാർ വേലി ഉണ്ടെങ്കിലും 2 കിലോമീറ്റർ ഭാഗത്ത് വേലി ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. കാട്ടുമൃഗങ്ങളുടെ ശല്യത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതി രൂപീകരിച്ചു. സോളാർ വേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എയ്ക്കും, വനംവകുപ്പ് അധികൃതർക്കും നിവേദനം നൽകി.