ചങ്ങനാശേരി: വാഴപ്പള്ളി പടിഞ്ഞാറ് കുറ്റിശേരികടവ് ഭാഗത്ത് ജനവാസ മേഖലയിൽ മൊബൈൽ കമ്പനിയുടെ ടവർ നിർമാണത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. ജനങ്ങൾ തിങ്ങി പാർക്കുന്ന മേഖലയിൽ ടവർ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ടവർ നിർമ്മാണത്തിനെതിരെ ജനകീയ സമിതി രൂപീകരിച്ചു. ജനകീയ സമിതി ചെയർമാനായി വാർഡ് കൗൺസിലർ സ്മിത സുനിൽ, കൺവീനറായി സജിത്ത്, ജോയിന്റ് കൺവീനർമാരായി അജികുമാർ, പ്രസന്ന കുമാർ, അനിൽ എന്നിവരെ തിരഞ്ഞെടുത്തു. നിരാഹാരം അടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിക്കാൻ സമിതി തീരുമാനിച്ചു. ജില്ലാ കളക്ടർ, എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ എന്നിവർക്ക് പരാതിയും നൽകി.