കുമരകം : കുമരകം ബോട്ട് ദുരന്തത്തിന്റെ 19-ാം വാർഷികദിനമായ ഇന്നലെ വിവിധ സംഘടനകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ അനുസ്മരണ യോഗങ്ങളും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജെട്ടിയിലെ ബോട്ട് ദുരന്ത സ്മാരകത്തിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ധന്യാ സാബു , ബ്ലോക്ക് പഞ്ചായത്തംഗം മേഘല ജോസഫ്, വൈസ് പ്രസിഡന്റ് വി.കെ. ജോഷി എന്നിവർ നേതൃത്വം നൽകി. മുഹമ്മ ബോട്ട് ജെട്ടിയിൽ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണം സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്തു. മുഹമ്മ സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോൺ തരുവാപറമ്പിൽ, അരങ്ങ് സോഷ്യൽ സർവീസ് ഫോറം രക്ഷാധികാരി സി.പി. ഷാജി എന്നിവർ പ്രസംഗിച്ചു. ജലഗതാഗത വകുപ്പിന്റെ മുഹമ്മയിൽ നിന്ന് കുമരകത്തേക്ക് രാവിലെയുള്ള രണ്ട് ട്രിപ്പുകൾ വേമ്പനാട്ട് കായലിൽ ബോട്ട് ദുരന്തം നടന്ന സ്ഥലത്ത് നിറുത്തി പുഷ്പാർച്ചന നടത്തി. ബോട്ട് മാസ്റ്റർ സുരേഷ് കുമാർ, സ്രാങ്ക് സി.ടി.ആദർശ് , ഡ്രൈവർ അനസ്, പാസഞ്ചർ അസോസിയേഷനായി സെക്രട്ടറി ബിജു, സുരേഷ്, മുജീബ് എന്നിവർ പങ്കെടുത്തു.