ചങ്ങനാശേരി : നിലംപതിക്കാറായ കെട്ടിടത്തിൽ നിന്ന് ആധുനികമുഖത്തിലേക്ക് മാറാൻ ഒരുങ്ങി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം. ആശുപത്രിയുടെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1.79 കോടി അനുവദിച്ചതായി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. പനച്ചിക്കാട്, കുറിച്ചി,മന്ദിരം, നീലംപേരൂർ, കൈനടി എന്നീ പഞ്ചായത്തുകളിലെ സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ആശുപത്രിയുടെ നവീകരണപ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയായിരുന്നെങ്കിലും പഴയ കെട്ടിടങ്ങൾ ശോച്യാവസ്ഥയിലയിരുന്നു. ഇതിലാണ് ആശുപത്രി ഇപ്പോഴും പ്രവർത്തിക്കുന്നത്. പാർക്കിംഗ് സൗകര്യമില്ലാത്തതും ദുരിതം സൃഷ്ടിച്ചിരുന്നു. ആശുപത്രി വരാന്തകളും ആശുപത്രി അങ്കണവും മറ്റും തെരുവ്‌ നായ്ക്കളുടെ വിശ്രമകേന്ദ്രമായിരുന്നു. പഴയ ഓടിട്ട കെട്ടിടങ്ങളായതിനാൽ മേൽക്കൂര അപകടാവസ്ഥയിലാണ്. കോൺക്രീറ്റ് തൂണുകൾ പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്തുകാണാവുന്ന നിലയിലാണ്. ടോയ്‌ലെറ്റുകൾക്ക് അടച്ചുറപ്പില്ലാത്ത വാതിലായിരുന്നു. നിർമ്മാണ തുകയുടെ അമ്പത് ശതമാനം കിഫ്ബിയും എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുമാണ് തുക വകയിരുത്തിയിരിക്കുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. നൂനത സാങ്കേതിക വിദ്യഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും.

പുതിയ സംവിധാനങ്ങൾ
കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് യൂണിറ്റ്
നഴ്‌സ്‌മാർക്കും ഡോക്ടർമാർക്കും പ്രത്യേക മുറി
എമർജൻസി മുറി, ജോലിക്കാർക്കുള്ള വിശ്രമ മുറി
പത്ത് കിടക്കകൾ, ടോയ്‌ലെറ്റുകൾ

നിലവിൽ ഉറപ്പുള്ള കെട്ടിടം ഇല്ലാത്ത സാഹചര്യത്തിൽ കിടത്തി ചികിത്സ ദുഷ്‌കരമായതിനാൽ പദ്ധതി സാധാരണ ജനങ്ങൾക്ക് സഹായകരമാകും. പുതിയ ഒ.പി കെട്ടിടത്തിനായി ആരോഗ്യ വകുപ്പ് മന്ത്രിയുമായും, ദേശീയ ആരോഗ്യ മിഷനുമായും ചർച്ച നടത്തി വരികയാണ്.

അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ