ചങ്ങനാശേരി: തൃക്കൊടിത്താനം സർവീസ് സഹകരണബാങ്കിനെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും യഥാർത്ഥ വസ്തുത സഹകാരികൾ തിരിച്ചറിയണമെന്നും ഭരണസമിതി പ്രസിഡന്റ് കെ.സി സതീഷ്ചന്ദ്രബോസ് പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ ബാങ്കിന്റെ കൊടിനാട്ടുകുന്ന് ശാഖയിൽ ബാങ്ക് സെക്രട്ടറി നടത്തിയ പരിശോധനയിൽ ചില ക്രമക്കേടുകൾ കണ്ടെത്തി. തുടർന്ന് നടന്ന വിശദമായ പരിശോധനയിൽ 1084300 രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ശാഖയുടെ മാനേജരെയും ക്യാഷറെയും സസ്‌പെൻഡ് ചെയ്തു. തുടരന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതിനനുസരിച്ച് ക്രമക്കേടിന് കൂട്ടുനിന്ന മുഴുവൻ ജീവനക്കാർക്കെതിരെയും നടപടിയെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭരണസമിതിയംഗം എൻ.രാജു, മാനേജർ അരുൺ ജോസഫ് എന്നിവരും പങ്കെടുത്തു.