സോഷ്യൽമീഡിയ തട്ടിപ്പിന് ഇരയായത് നൂറിലധികം ആളുകൾ
കോട്ടയം: കൊവിഡ് കാലത്ത് ധനസഹായമായി വായ്പ നൽകുന്നുവെന്ന് പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ വഴി തട്ടിപ്പ് വ്യാപകം. ഉത്തരേന്ത്യൻ സംഘമാണ് ഇതിന് പിന്നിൽ. അതിവേഗം വായ്പ ലഭിക്കുമെന്ന് പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴിയാണ് രേഖകൾ തട്ടിയെടുക്കുന്നത്. ഈ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തട്ടിപ്പ് അടക്കം നടത്തുന്നതായി സൈബർ ഡോം മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസം എ.ഡി.ജി.പി വിജയ് സാഖറയുടെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ പിടികൂടി ചോദ്യം ചെയ്‌തതോടെ ലഭിച്ചത് മലയാളികൾ അടക്കം നൂറിലധികം ആളുകളുടെ തിരിച്ചറിയൽ രേഖകളാണ്.
രേഖകളുടെ തട്ടിപ്പ് ഇങ്ങനെ
വായ്പ നൽകുന്നതിനും, ക്രഡിറ്റ് സ്കോർ പരിശോധിക്കുന്നതിനും, വർക്ക് അറ്റ് ഹോം പദ്ധതി പ്രകാരം ജോലി നൽകുന്നതിനുമാണ് സോഷ്യൽ മീഡിയ വഴി രേഖകൾ ആവശ്യപ്പെടുന്നത്. അംഗീകാരമുള്ള കമ്പനികളെ കൂടാതെ നിരവധി സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴി ഇത്തരത്തിൽ ആധാർ കാർഡ് അടക്കമുള്ള രേഖകൾ ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ രേഖകൾ ശേഖരിച്ച ശേഷം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുകയാണ്. നൂറിലേറെ പരാതികളാണ് ജില്ലയിൽ എത്തിയിരിക്കുന്നത്.
ജാഗ്രത പുലർത്തണം
സോഷ്യൽ മീഡിയ വഴി തട്ടിപ്പിന് വ്യാപകമായി ഉപയോഗിക്കുന്നത് ഇത്തരം വ്യാജ അക്കൗണ്ടുകളാണ്. അതിനാൽ ഓൺലൈൻ വഴി രേഖകൾ അയച്ച് നൽകുമ്പോൾ ജാഗ്രത പുലർത്തണം.
സൈബർ ഡോം