ration

കോട്ടയം : അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശംവയ്ക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന സർക്കാ‌ർ വിരട്ടൽ വന്നതോടെ ജില്ലയിൽ 5871 പേർ കാർഡ് മാറാൻ അപേക്ഷ നൽകി. മുൻഗണനാ റേഷൻ കാർഡ് കൈവശമുള്ളവർക്ക് സ്വയം പിൻമാറാനുള്ള കാലാവധി 15 ന് സമാപിച്ചതോടെ ഉദ്യോഗസ്ഥർ പരിശോധനയുമായി വീടുകളിലെത്തിത്തുടങ്ങി. അർഹതയുള്ള അനേകം കുടുംബങ്ങൾ മുൻഗണനാ റേഷൻ കാർഡിനായി കാത്തിരിക്കുന്നുണ്ടെന്നും ഒരാൾക്ക് പോലും അധികമായി കാർഡ് നൽകാവുന്ന സ്ഥിതിയല്ലെന്നും വകുപ്പ് മന്ത്രി കർശന നിലപാടെടുത്തതോടെയാണ് അനർഹർ സ്വയം പിന്മാറിത്തുടങ്ങിയത്. റേഷൻ വാങ്ങാതെ ആനുകൂല്യങ്ങൾക്ക് മാത്രമായി കാർഡ് കൈവശം വച്ചവരും പിൻമാറാൻ അപേക്ഷ നൽകിയവരിലുണ്ട്. മൂന്ന് വാഹനങ്ങളുള്ളവർ,​ ബിസിനസ് സംരഭങ്ങളുള്ളവർ എന്നിവരെല്ലാം സ്വയംപിന്മാറി. ഇത്രയും അർഹരെ പട്ടികയിലുൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ പിന്മാറിയത്. കുറവ് വൈക്കത്തും.

ഇനി സ്ക്വാഡ് വീട്ടിലേയ്ക്ക്

താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നാണ് സ്‌ക്വാഡുകളെ നിയോഗിക്കുക. മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ള വീടുകളിലെത്തി പരിശോധന നടത്തി അനർഹമാണെന്ന് കണ്ടാൽ ഉടൻ റേഷൻ കാർഡ് പിടിച്ചെടുക്കും. മറ്റ് ശിക്ഷാ നടപടികളിലേക്ക് കടക്കും. റേഷൻകടകളിൽ നിന്ന് മുൻഗണനാ കാർഡുടമകളുടെ വിവരം ശേഖരിക്കും.

 കോട്ടയം: 1987

 ചങ്ങനാശേരി: 813

 കാഞ്ഞിരപ്പള്ളി: 963

 മീനച്ചിൽ : 1295

 വൈക്കം: 813

 അനർഹർ മുൻഗണനാ കാർഡ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊതുജനങ്ങളുടേയും സജീവ ഇടപെടൽ വേണം. വിവരങ്ങൾ താലൂക്ക് സപ്ലൈഓഫീസിൽ അറിയിക്കാം. പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

ജില്ലാ സപ്ളൈ ഓഫീസ്