കടുത്തുരുത്തി : സംസ്ഥാന സർക്കാർ താങ്ങു വില പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ഹോർട്ടികൾച്ചർ മുഖേനെ സംഭരിച്ച കാർഷിക വിളകളുടെ കുടിശിക തുക ഉടൻ കൊടുത്ത് തീർക്കുമെന്ന് കൃഷി വകുപ്പ് മന്ത്റി പി.പ്രസാദ് അറിയിച്ചു. നിയമസഭയിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്റി ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം ജില്ലയിലെ കാർഷിക വിളകളും, പച്ചക്കറിയുമൊക്കെ സംഭരിച്ചതിന്റെ മുഖ്യ ചുമതല കുറുപ്പന്തറ സംഘ മൈത്രിക്കായിരുന്നു. കഴിഞ്ഞ 10 മാസമായി മുഴുവൻ തുകയും കുടിശികയായി കിടക്കുകയാണ്. സംഭരണ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ ദുരവസ്ഥ പരിഹരിക്കാൻ ആവശ്യമായ ഫണ്ട് സർക്കാർ അടിയന്തരമായി അനുവദിക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.