അടിമാലി: ജില്ലയിലെ ചെറുകിട അണക്കെട്ടുകളിൽ അടിഞ്ഞിട്ടുള്ള മണ്ണും ചെളിയും നീക്കി സംഭരണശേഷി വർദ്ധിപ്പിക്കാൻ ഇനിയും നടപടി ആയിട്ല്ല. കല്ലാർകുട്ടി അടക്കമുള്ള ജില്ലയിലെ ചെറുകിട അണക്കെട്ടുകളിൽ വൻതോതിലാണ് മണ്ണും ചെളിയും നീക്കാനുള്ളത്. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിലും പിന്നീടുണ്ടായ കാലവർഷക്കെടുതികളിലും വലിയ തോതിൽ മണ്ണും ചെളിയും അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയിരുന്നു.ഇത് അണക്കെട്ടുകളുടെ സംഭരണ ശേഷി കുറയാൻ ഇടയാക്കി. ചെറിയ മഴ പെയ്താൽ പോലും കല്ലാർകുട്ടി അടക്കമുള്ള ചെറുകിട അണക്കെട്ടുകൾ വേഗത്തിൽ നിറയുന്ന അവസ്ഥയുണ്ട്.ഇത്തവണ കാലവർഷാരംഭത്തിൽ തന്നെ കല്ലാർകുട്ടിയും പാംബ്ലയും ഹെഡ് വർക്കസ് അണക്കെട്ടും തുറക്കേണ്ടി വന്നത് ഇതിന്റെ ഭാഗമായാണ്. ഈ സാഹചര്യത്തിലാണ് മണ്ണും ചെളിയും നീക്കി അണക്കെട്ടുകളുടെ സംഭരണ ശേഷി വർദ്ധിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.
മണലിന് പൊന്നുവിലയുണ്ട് പക്ഷെ...
അണക്കെട്ടുകളിലെ മണൽ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് സർക്കാർതലത്തിൽ നയപരമായ തീരുമാനം എടുത്തിരുന്നതാണ്. എല്ലാത്തരം അണക്കെട്ടുകളിലും അടിഞ്ഞ്കൂടിയ മണൽ ശേഖരിച്ച് വിൽപ്പന നടത്തുന്നതിന് പദ്ധതിയും ഇട്ടിരുന്നു. സംസ്ഥാനത്തെ മണൽ ക്ഷാമത്ത് പരിഹാരമാകേണ്ട പദ്ധതിയാണ് നടക്കാതെപോയത്. ഇപ്പോഴും നിർമ്മാണ മേഖലയിൽ മണലിന് പകരം എംസാന്റ് പോലുള്ളവ ഉപയോഗിച്ച് പോരുകയാണ്. മണൽ നീക്കം ചെയ്യുകയും വിൽപ്പന നടത്തുന്നതിനും നടപടി സ്വീകരിച്ചാൽ നിർമ്മാണ മേഖലയിൽ പുത്തൻ ഉണർവ്വും ഉണ്ടാകും.