fire-

മുണ്ടക്കയം : മുണ്ടക്കയം ബസ് സ്റ്റാൻഡിനുള്ളിലെ ടൗൺ ബേക്കറിയിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശം. ചൊവ്വാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ ബേക്കറി ഉടമകയെയും, നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് ബേക്കറിയുടെ ഇരുനിലകളിലും തീ ആളിപ്പടർന്നു. ബേക്കറിക്കുള്ളിലെ സാധനസാമഗ്രികൾ പൂർണമായും കത്തി നശിച്ചു. ഏകദേശം 35 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. വർഷങ്ങളായി പ്രവർത്തിക്കുന്ന ബേക്കറി പുതുക്കി നിർമ്മിച്ചത് അടുത്തിടെയാണ്. സമീപത്തെ തുണിക്കടയിലേക്കും തീപടർന്ന് നാശം സംഭവിച്ചു. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പീരുമേട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മണിക്കൂറുകൾ എടുത്താണ് തീയണച്ചത്. സമീപ കെട്ടിടങ്ങളിലേയ്ക്ക് തീപടരുന്നത് തടയാനായതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിസ് - ഫിംഗർപ്രിന്റ് വിദഗ്ദ്ധരും, പൊലീസും പരിശോധന നടത്തി.