വരിക്കാനി മുതൽ മടുക്ക വരെ അപകടമേഖല

മുണ്ടക്കയം: കോരുത്തോട് റോഡിന്റെ നിർമാണത്തിനായി റോഡ് പൊളിച്ചിട്ടിരിക്കുന്ന ഭാഗങ്ങളിൽ അപകടങ്ങൾ പതിവാകുന്നു. വരിക്കാനി മുതൽ മടുക്ക വരെയുള്ള സ്ഥലത്താണ് റോഡ് നിർമാണത്തിന്റെ ഭാഗമായി അര കിലോമീറ്റർ ദൂരം ടാറിംഗ് ഇളക്കിയിട്ടിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. ശബരിമലപാതയുടെ ഭാഗമായ മുണ്ടക്കയം – കുഴിമാവ് – കാളകെട്ടി റൂട്ടിൽ പള്ളിപ്പടി മുതലുള്ള ഭാഗം രണ്ട് വർഷം മുൻപ് ടാർ ചെയ്തിരുന്നു. ആധുനിക നിലവാരത്തിൽ റോഡ് നിർമിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് വരിക്കാനി മുതൽ ഇപ്പോൾ നിർമാണം നടക്കുന്നത്. ടാറിങ് ഇളക്കിയിട്ട ശേഷം വീണ്ടും ഉറച്ചുകഴിഞ്ഞ് ടാർ ചെയ്‌തെങ്കിൽ മാത്രമേ ഗുണനിലവാരത്തിൽ റോഡ് നിർമിക്കാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത്രയേറെ ദിവസങ്ങളായി റോഡ് കുത്തിപൊളിച്ചിടുമ്പോൾ ഇതുവഴിയുള്ള യാത്ര അപകടകരമായി മാറുകയാണെന്ന് യാത്രക്കാർ പറയുന്നു.

വെള്ളക്കെട്ട് വള്ളിക്കെട്ട്

ടാറിംഗ് ഇളകിയ ഭാഗത്ത് മഴ പെയ്ത് വെള്ളം കെട്ടിനിൽക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. മഴ തുടരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വൈകാനും സാധ്യതയുണ്ട്. അതിനാൽ റോഡിലെ അപകടസാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.