vericose

കോട്ടയം : വെരിക്കോസ് വെയ്ൻ ചികിത്സിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് എം.ജി സർവകലാശാലയും കോട്ടയത്തെ ഡോ.എൻ.രാധാകൃഷ്ണൻ ഫൗണ്ടേഷൻ ഫോർ വെനവസ് ഡിസീസ് എന്ന സ്ഥാപനവും ധാരണയായി. വെരിക്കോസ് വെയ്ൻ മൂലമുണ്ടാകുന്ന മുറിവുകളും വ്രണങ്ങളും ഭേദമാക്കുന്നതിനാവശ്യമായ ബയോ പോളിമർ അടിസ്ഥാനമാക്കിയുള്ള ചികിത്സോപാധികൾ വികസിപ്പിച്ചെടുക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ധരണയായത്. പ്രമുഖ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ.എൻ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചെത്തിപ്പുഴയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് ഡോ.എൻ.രാധാകൃഷ്ണൻ ഫൗണ്ടേഷൻ.

ദീർഘകാലമായി ഭേദമാകാതെ നിൽക്കുന്ന വെരിക്കോസ് മൂലമുള്ള വ്രണങ്ങൾ ചികിത്സിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ വികസിപ്പിക്കുന്നതിന് സർവകലാശാലയിലെ സ്‌കൂൾ ഒഫ് ബയോ സയൻസസ്, സ്‌കൂൾ ഒഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുക. ചികിത്സക്ക് ആവശ്യമായ സ്‌കഫോൾഡ് വികസിപ്പിച്ചെടുക്കുകയെന്നതാണ് ലക്ഷ്യം. വൈസ് ചാൻസലർ ഡോ. സാബു തോമസ്, ബയോ സയൻസസ് വിഭാഗത്തിൽ നിന്നുള്ള അധ്യാപകൻ ഡോ. ഇ.കെ. രാധാകൃഷ്ണൻ, നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി വിഭാഗം മേധാവി ഡോ. നന്ദകുമാർ കളരിക്കൽ എന്നിവർ മേൽനോട്ടം വഹിക്കും.