കട്ടപ്പന: അടിമാലികുമളി ദേശീയപാതയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. കാർ യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10ഓടെ കാൽവരിമൗണ്ട് ഒൻപതാംമൈലിലെ വളവിലാണ് അപകടം. വാഴക്കുളത്തുനിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന റിറ്റ്‌സ് കാർ, അടിമാലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. കാർ തെറ്റായ ദിശയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാർ വരുന്നത് കണ്ട് ഡ്രൈവർ ബസ് ഓടയിലേക്ക് വെട്ടിച്ചുമാറ്റിയെങ്കിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഓടയിൽ കുടങ്ങിയ ബസ് വലിച്ചുകയറ്റി. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തങ്കമണി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.