ചങ്ങനാശേരി: മതുമൂലയിൽ എം സി റോഡിനു മധ്യഭാഗത്ത് അപകടകെണി. വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിന് മുൻവശത്തെ റോഡിലാണ് വലിയകുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴി അറിയാതെ എത്തുന്ന യാത്രക്കാർ അപകടത്തിൽപ്പെടാതിരിക്കുന്നതിനായി അപായസൂചകമായി കുഴിയിൽ മരച്ചില്ലകൾ നാട്ടിയിരിക്കയാണ് നാട്ടുകാർ.
പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി റോഡിൽ മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. റീടാറിംഗ് നടത്തിയെങ്കിലും കുഴിയുള്ള ഭാഗം റോഡ് നിരപ്പിൽ നിന്നും താഴ്ന്നാണ് സ്ഥിതിചെയ്യുന്നത്. റോഡിനു മധ്യഭാഗത്തായതിനാലും അപകട വളവായതിനാലും കുഴിയിൽ ചാടാതിരിക്കുന്നതിനായി വെട്ടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
കുഴി രൂപപ്പെട്ട ഭാഗത്തു നിന്നും വെള്ളം പൊട്ടിയൊഴുകുന്നതും പതിവാണ്. കൂടാതെ, ഇടിഞ്ഞു താഴ്ന്ന നിലയിലുമാണ് കുഴി. ദിനം പ്രതി നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. റോഡ് റീടാർ ചെയ്ത് നന്നാക്കണമെന്ന യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം ശക്തമാകുന്നു.