കാഞ്ഞിരപ്പള്ളി: റബറിന്റെ നാട് എന്ന് പേരുകേട്ട കാഞ്ഞിരപ്പള്ളിയും ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും.കോട്ടയം - കുമളി റൂട്ടിലെ ചെറുപട്ടണമായ കാഞ്ഞിരപ്പള്ളിയിൽ ടൂറിസം എന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമായിരുന്നു. എന്നാൽ ഗവ.ചീഫ് വിപ്പും സ്ഥലം എം.എൽ.എയുമായ പ്രൊഫ.എൻ.ജയരാജും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും കൈകോർത്തതോടെയാണ് കാഞ്ഞിരപ്പള്ളിക്കും ടൂറിസം മേഖലയിൽ സ്ഥാനമൊരുങ്ങുന്നത്. കരിമ്പുകയം ജലസേചന പദ്ധതിയോടനുബന്ധിച്ചാണ് ടൂറിസം പദ്ധതി നിലവിൽവരുന്നത്. രണ്ട് കി.മീ. ദൈർഘ്യമുള്ള ജലാശയത്തിന്റെ ഇരുകരകളിലും സഞ്ചാരികളെ ആകർഷിക്കുംവിധം നാലു മണിക്കാറ്റ് മോഡലിൽ നടപ്പാതകളും മറ്റും ഒരുക്കും. ടൂറിസവുമായി ബന്ധപ്പെട്ട്, പെഡൽ ബോട്ട് സൗകര്യവും, വള്ളംകളിയും ആരംഭിക്കാനും ആലോചനയുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വട്ടകപ്പാറയും, മേലരുവിയും ഉൾപ്പെടെ സമീപ പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കാനാണ് തീരുമാനം.
'