road

ചെളിനിറഞ്ഞ് കാളിശ്വരം, മോസ്‌കോ റോഡുകളിൽ

തലയാഴം: ഒരു മഴയേ വേണ്ടൂ... പിന്നെ റോഡ് ചെളിക്കുളമായി മാറും. ഒപ്പം അടിതെറ്റിവീഴുന്ന ഇരുചക്രവാഹനയാത്രക്കാരും. വൈക്കം തലയാഴം പഞ്ചായത്തിലെ ഉൾപ്രദേശമായ കൂവത്തേക്കുള്ള കാളിശ്വരം, മോസ്‌കോ റോഡുകളിൽ നിലവിൽ കാൽനടയാത്രപോലും സാധ്യമല്ല എന്നതാണ് അവസ്ഥ.

ഇതോടെ റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന് പഞ്ചായത്ത് റെസലൂഷൻ പാസാക്കി അധികൃതർക്ക് കൈമാറണമെന്ന ആവശ്യവും ശക്തമായി. റോഡുകൾ പൂർണമായും തകർന്നതോടെ തലയാഴത്തിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്കാണ് കടുത്തദുരിതം. അരനൂ​റ്റാണ്ടിലധികം പഴക്കമുള്ള കാളിശ്വരം റോഡിന്റെ ഒരു കിലോമീ​റ്ററിലധികമാണ് തകർന്നത്. പ്രധാന പാടശേഖരങ്ങളിലൊന്നായ വനം സൗത്ത് പാടശേഖരത്തിലേക്ക് കർഷകർ വിത്തും വളവും മ​റ്റുമെത്തിക്കുന്നതിനും ഈ റോഡിലൂടെയാണ്. മഴ കനത്തതോടെ റോഡ് കൂടുതൽ അപകട സ്ഥിതിയിലായി.

3 കിലോമീറ്റർ

റോഡ് ഗതാഗയോഗ്യമാണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭത്തിലാണ്. മോസ്‌കോ റോഡും കാളിശ്വരം റോഡു കൂടി മൂന്നു കിലോമീ​റ്ററോളം ദൂരം വരും. ഇരു റോഡുകൾക്കും ആറു മീ​റ്റർ വീതിയുള്ളതിനാൽ കേന്ദ്രഫണ്ട് ലഭിക്കാൻ സാധ്യതയേറെയാണ്. റോഡ് പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) തലയാഴം മണ്ഡലം കമ്മ​റ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എൻ.സോമന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പറപ്പള്ളി ഉദ്ഘാടനം ചെയ്തു. ജോസ് കാട്ടിപറമ്പിൽ, ഷാജിചില്ലയ്ക്കൽ, ജോമോൻ കൈതക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.