കൊടുങ്ങൂർ : പകൽപോലെ വെളിച്ചം കിട്ടുന്ന വിളക്ക് എന്നാണ് ഹൈമാസ്റ്റ് ലൈറ്റിനെ വിശേഷിപ്പിക്കുന്നത്. അത് ഏറെക്കുറെ ശരിയുമാണ് പക്ഷെ കൊടുങ്ങൂർ ജംഗ്ഷനിൽ മാസങ്ങൾക്കുമുമ്പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞുകാണാൻ നാട്ടുകാരുടെ കാത്തിരിപ്പ് തുടരുകയാണ്. എം.പി ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് ആന്റോആന്റണി യാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് വിളക്ക് സ്ഥാപിച്ചത്. വൈദ്യുതി കണക്ഷൻ കിട്ടാത്തതിനാലാണ് ലൈറ്റ് തെളിയാത്തത്. ആദ്യം തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന്റേയും പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാലാണ് ലൈറ്റ് തെളിക്കുന്നതിനുള്ള തുടർ നടപടികൾ വൈകിയതെന്നാണ് അധികാരികൾ അറിയിച്ചത്. ലൈറ്റ് സ്ഥാപിച്ച കരാർ കമ്പനിയാണ് വൈദ്യുതി കണക്ഷൻ സംബന്ധിച്ച കാര്യങ്ങൾ ചെയ്യേണ്ടത്. വൈദ്യുതി ഓഫീസിൽ തുക അടച്ച് ഉടൻ ലൈറ്റ് തെളിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് എം.പി ഓഫീസ് അറിയിച്ചു.