mvdd

കോട്ടയം: മൂന്നു പേർ മരിക്കാൻ ഇടയാക്കിയ അപകടത്തിൽ പ്രധാന വില്ലൻ അമിത വേഗം തന്നെയെന്ന് റിപ്പോർട്ട്. ഇതുകൂടാതെ മറ്റു മൂന്നു കാരണങ്ങൾ കൂടി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻ്റ് ആർ.ടി.ഒ ടോജോ എം. തോമസും സംഘവും കണ്ടെത്തി.

 ആർ.ടി.ഒ യുടെ കണ്ടെത്തൽ

1. ശരത്ത് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കിന്റെ അമിത വേഗമാണ് പ്രധാന കാരണങ്ങളിലൊന്ന്

2. സേതുനാഥ് ഓടിച്ചിരുന്ന ബൈക്ക് ബൈപ്പാസ് റോഡിൽ അലക്ഷ്യമായി യു ടേൺ എടുത്തു.

3. സേതുനാഥ് ഓടിച്ചിരുന്ന ബൈക്ക് കറുത്തതായിരുന്നത് ശരത്തിന് കാഴ്ച മറച്ചിരിക്കാം.

4. വഴിയിൽ തെരുവ് വിളക്കുകൾ കത്താഞ്ഞത് മൂലം മുന്നിലെ വാഹനം വ്യക്തമായി കാണില്ല.

നമ്പർ പ്ലേറ്റുകളില്ല

അപകടത്തിൽപ്പെട്ട ഡ്യൂക്ക് ബൈക്കിന്റെ പ്ലേറ്റുകൾ മാറ്റിയ ശേഷമാണ് ഓടിച്ചിരുന്നത്. ശരത്തിന്റെ ഹെൽമറ്റിൽ കാമറയും ബ്ലൂടൂത്ത് സ്‌പീക്കറുമുണ്ടായിരുന്നു. 120 കിലോമീറ്റർ വരെ സ്പീഡിൽ പോകുന്നതും സ്വകാര്യ ബസിനു മുന്നിൽ കിടന്ന് അഭ്യാസം കാണിക്കുന്നതുമായ വീഡിയോകൾ ശരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചു.

സ്റ്റണ്ടിംങും റേസിംങും കണ്ടാൽ വിളിക്കാം

അമിത വേഗവും സ്റ്റണ്ടിംഗും കണ്ടാൽ എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം ആർ.ടി.ഒയുടെ വാട്‌സ്ആപ്പ് നമ്പരിൽ വീഡിയോയും ചിത്രങ്ങളും അയച്ചു നൽകാം. ഫോൺ നമ്പർ - 9188961005.

- ടോജോ എം തോമസ്, ആ‌ർ.ടി.ഒ,

എൻഫോഴ്‌സ്‌മെൻ്റ്