കട്ടപ്പന: നത്തുകല്ല് പറയൻകവലയിലെ മലഞ്ചെരുവിലെ വീടിനുചുറ്റും നിലംപൊത്താറായ നിലയിലുള്ള പാറക്കൂട്ടങ്ങൾ. കാലവർഷം ശക്തമാകുമ്പോൾ ബാബുവിന്റെയും ഭാര്യ പൊന്നമ്മയുടെയും നെഞ്ചിൽ തീയാണ്. ഉറക്കമൊഴിച്ച് ആശങ്കയുടെ രാവുകൾ ഇവർ തള്ളിനീക്കും. പാറക്കൂട്ടങ്ങൾ ഉയർത്തുന്ന ഭീഷണി ഭയന്ന് ഒന്നര പതിറ്റാണ്ടിനിടെ അയൽവാസുകൾ പാലായനം ചെയ്തതോടെ ഈ ദമ്പതികൾ ഒറ്റയ്ക്കായി.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ നത്തുകല്ല് പറയൻകവലയിലെ മലഞ്ചെരുവിലാണ് വെള്ളരിക്കുന്നേൽ ബാബുവും പൊന്നമ്മയും താമസിക്കുന്നത്. ഇരുവരും മല താണ്ടാൻ തുടങ്ങിയിട്ട് 43 വർഷത്തിലധികമായി. കൂലിപ്പണി ചെയ്ത് മൂന്നു പെൺമക്കളെയും കെട്ടിച്ചയച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങൾക്കിടയിലും തൊഴിലുറപ്പ് ജോലി ചെയ്താണ് ഇരുവരും കഴിയുന്നത്. ഇതിനിടെയാണ് മലഞ്ചെരുവിലെ പാറക്കൂട്ടങ്ങൾ ഇരുവരുടെയും ഉറക്കം കെടുത്തുന്നത്.
മഹാപ്രളയത്തിൽ ചില പാറകൾക്ക് വിള്ളൽ വീണിരുന്നു. കൂടാതെ വീടിന്റെ മുറ്റവും ഇടിഞ്ഞുതാഴ്ന്നിരുന്നു. 4 കുടുംബങ്ങളാണ് മലഞ്ചെരുവിൽ താമസിച്ചിരുന്നത്. പ്രളയത്തിന് ശേഷം അവസാനത്തെ അയൽവാസിയും കുന്നിറങ്ങിയതോടെ ഇരുവരും തനിച്ചായി. ഇവിടുത്തെ 52 സെന്റ് സ്ഥലത്തിന് 3 വർഷം മുമ്പാണ് പട്ടയം ലഭിച്ചത്. സ്ഥലം വിറ്റ് മറ്റൊരിടത്തേയ്ക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആരും വാങ്ങാൻ തയാറാകുന്നില്ല. കഴിഞ്ഞ പ്രളയങ്ങളിലും പേമാരിക്കാലത്തും ഇരുവർക്കും ഭീതിയുടെ നാളുകളായിരുന്നു.