കട്ടപ്പന: ക്ഷേമനിധികളിൽ അംഗങ്ങളായ തൊഴിലാളികളുടെ പെൻഷൻ വെട്ടിക്കുറയ്ക്കുന്ന നടപടി സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള ആർട്ടിസാൻസ് ട്രേഡ് യൂണിയൻ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ വാങ്ങുന്നത് ഒന്നിലേറെ ഉയർന്ന പെൻഷനുകളാണ്. എന്നാൽ 60 വയസ് കഴിഞ്ഞ തൊഴിലാളികൾ അംശാദായം അടച്ച് ക്ഷേമനിധിയിൽ നിന്ന് പെൻഷൻ വാങ്ങുന്നതിന്റെ പേരിൽ തുക കുറയ്ക്കാനാണ് ശ്രമം. നിർമാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങളെ കേരള ബാങ്കിൽ അക്കൗണ്ട് തുറക്കാൻ നിർബന്ധിക്കുകയാണ്. ക്ഷേമനിധി നൽകുന്ന കോവിഡ് ധനസഹായം 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.കെ. ദാസപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് പാഴൂപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഖജാൻജി എം.ഡി. രാമകൃഷ്ണൻ, സെക്രട്ടറി കെ. ശിവരാജൻ, കന്നിമേൽ ഗോപി, ദിനേശ് വർക്കല എന്നിവർ പങ്കെടുത്തു.