പാലാ: ഹരീഷ് മാഷിന്റെ തുടർച്ചയായുള്ള മുന്നൂറാമത്തെ കഥപറച്ചിലാണ് ഇന്ന്. കൊവിഡ് കാലത്തുപോലും ഒരിടവേള വരാത്ത കഥ പറച്ചിൽ.

ഹരീഷ് മാഷിന്റെ കഥ കേൾക്കാൻ ലോകത്തിന്റെ വിവിധകോണുകളിലിരുന്ന് കുട്ടികൾ കാതോർക്കുന്നു

കഴിഞ്ഞ പതിനാറു മാസങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ കഥ അല്ലെങ്കിൽ കവിത രചിച്ച് വാട്‌സാപ്പിൽ അയയ്ക്കുകയാണ് ഹരീഷ് ആർ നമ്പൂതിരിപ്പാട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കഥകൾ കവിതകൾ,എന്നിവ ഇടകലർത്തി ഓരോ ദിവസങ്ങളിലും അയയ്ക്കുന്നു.
കാട്ടിൽ നടക്കുന്ന കഥകളുടെ രൂപത്തിൽ കുരുന്നുകൾക്ക് ഗുണപാഠങ്ങൾ പകർന്നു നൽകുകയാണ് കഥപറയാം കേൾക്കൂ എന്ന പംക്തി. ,

തിരഞ്ഞെടുപ്പിനെക്കുറിച്ച് , ശുചിത്വ ശീലങ്ങളെക്കുറിച്ച്, പരസ്പര സഹകരണം പങ്കുവയ്ക്കൽ, മാതാപിതാക്കളെ സ്‌നേഹിക്കുക ബഹുമാനിക്കുക എന്നിങ്ങനെയുള്ള നിരവധി സദുപദേശങ്ങൾ കഥകളിലൂടെ പകർന്നുനൽകുകയാണ് ഹരീഷ് ആർ നമ്പൂതിരിപ്പാട്. യൂറോ കപ്പ് ,ഒളിമ്പിക്‌സ് ,ചാന്ദ്രദിനം,ഓൺലൈൻ വിദ്യാഭ്യാസം, കൊവിഡ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ കഥകൾക്കു ശേഷം ഓണത്തോടനുബന്ധിച്ച് അത്തം മുതൽ പത്തുദിവസം വ്യത്യസ്ത ഓണക്കഥകൾ പറയാൻ തയാറെടുക്കുകയാണ് കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ രാമൻ നമ്പൂതിരിപ്പാടിന്റെയും നളിനി അന്തർജനത്തിന്റെയും മകനായ ഹരീഷ്. പുരാണം വൈജ്ഞാനികം നർമ്മം ബാലസാഹിത്യം എന്നീ മേഖലകളിലായി പുറത്തിറങ്ങിയ പുസ്തകങ്ങൾക്കു ശേഷം കുട്ടിക്കഥകളുടെ പന്ത്രണ്ടോളം പുസ്തകങ്ങൾ കൂടി ഉടൻ പുറത്തിറങ്ങും. രാമമംഗലം ഹൈസ്‌കൂളിലെ അദ്ധ്യാപകനായ ഇദ്ദേഹം ഓൺലൈൻ ക്ലാസുകളുടെ തിരക്കിനിടയിലും കഥകൾ എഴുതുകയാണ്. ഭാര്യ സൗമ്യയോടും മകൻ അഭിനവിനോടുമൊപ്പം കാക്കൂരിൽ താമസിക്കുന്ന എഴുത്തുകാരൻ വിവിധ സാഹിത്യ കൂട്ടായ്മകളിലും സജീവമാണ്.