തോട്ടയ്ക്കാട് : പ്രായമായ അച്ഛനും അമ്മയ്ക്കും ഉൾപ്പെടെ ആദ്യ ഡോസ് വാക്സിൻ പോലും ലഭിക്കാത്ത സാഹചര്യത്തിൽ ആശാ പ്രവർത്തകയെ വിളിച്ചത് മാത്രമെ കൊവിഡ് സന്നദ്ധ പ്രവർത്തകനായ തോട്ടയ്ക്കാട് സ്വദേശി റെജിക്ക് ഓ‌ർമ്മയുള്ളൂ. മറുപടി പച്ചത്തെറിയും. ആശാ പ്രവർത്തകയും മോശം പെരുമാറ്റം നിറഞ്ഞ ഓഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എസ്.എൻ.ഡി.പി യോഗം തോട്ടയ്ക്കാട് ശാഖാ പ്രസിഡന്റും കൊവിഡ് സന്നദ്ധപ്രവർത്തകനുമായ തട്ടാംപറമ്പിൽ റെജിക്കാണ് ആശാ പ്രവർത്തക സാലിമ്മ ജെയിംസിൽ നിന്ന് മോശം പെരുമാറ്റമേൽക്കേണ്ടി വന്നത്. വീട്ടിലെ പ്രായമായ അംഗങ്ങൾക്ക് വാക്സിൻ ലഭിച്ചില്ലെന്നും സമീപ വാർഡിലുള്ളവർക്ക് വാക്സിൻ നൽകുന്നുണ്ടെന്നും പറഞ്ഞതോടെ സാലിമ്മ പൊട്ടിത്തെറിക്കുകയും കേട്ടാലറയ്ക്കുന്നതെറി വിളിക്കുകയുമായിരുന്നു. ശബ്ദരേഖ റെജി വകുപ്പുതല ഉദ്യോഗസ്ഥർക്കും അയച്ചു കൊടുത്തിട്ടുണ്ട്. സന്നദ്ധ പ്രവർത്തകനെന്ന നിലയിൽ കൊവിഡ് മൃതദേഹങ്ങൾ സംസ്കരിക്കാനും റെജി മുൻകൈയെടുത്തിരുന്നു.