കുമരകം : വേമ്പനാട്ട് കായലിലെ ഓളങ്ങൾക്കാെപ്പം ഒഴുകിയെത്തുന്ന പോളയും മാലിന്യങ്ങളും ബോട്ട് സർവീസ് താളംതെറ്റിക്കുന്നു. വള്ളങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന എൻജിനുകളുടേയും മോട്ടോർ ബോട്ടുകളുടേയും പ്രാെപ്പല്ലറുകളിൽ ഇവ ഉടക്കുന്നത് നിത്യസംഭവമായി. പ്രൊപ്പലറിൽ ഉടക്കുന്നതുമൂലം ബോട്ടിന് ദിവസവും സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നതായി ജീവനക്കാർ പറയുന്നു. പലപ്പോഴും സമയക്രമവും താളം തെറ്റുകയാണ്. വെള്ളത്തിൽ ഇറങ്ങി പ്രൊപ്പലറിൽ കുടുങ്ങിയ വസ്തുക്കൾ നീക്കം ചെയ്തതിന് ശേഷമാണ് സർവീസ് പുന:രാംരംഭിക്കുന്നത്. പുല്ല്, ചാക്ക് , വാഴപ്പിണ്ടി, വല, പ്ലാസ്റ്റിക്ക് മുതലായവയാണ് പ്രധാന പ്രശ്നക്കാർ. ജീവനക്കാർ ഏറെ പണിപ്പെട്ടാണ് ഇവ നീക്കം ചെയ്യുന്നത്. ഹൗസ് ബോട്ടുകൾക്കും , ശിക്കാര വള്ളങ്ങൾക്കും ഇത് തലവേദനയാണ്.
ഇരട്ട പ്രഹരം
കൊവിഡ് മൂലം തകർന്ന മേഖലയ്ക്ക് ഇരട്ടപ്രഹരണമാണ് പോള പ്രശ്നം. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം കിട്ടുന്ന ഓട്ടം ഇതുമൂലം നഷ്ടമായ കഥയും ഇവർക്ക് പറയാനുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് പോള കാരണം കായലിൽ പോയി മത്സ്യ ബന്ധനം നടത്താനാകുന്നില്ല. യന്ത്രം ഉപയോഗിച്ച് പോള നീക്കം ചെയ്യാൻ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. ഈ സാഹചര്യത്തിൽ മുഖവാരത്ത് പോളകയറാത്ത രീതിയിൽ വേലി കെട്ടി തിരിച്ച് ശാശ്വത പരിഹാരം കാണമെന്നാണ് ബോട്ടു ജീവനക്കാരുടേയും താെഴിലാളികളുടേയും ആവശ്യം.