കട്ടപ്പന: ഓണക്കിറ്റിനൊപ്പം 20 ഗ്രാം ഏലയ്ക്ക വിതരണം ചെയ്യാൻ ഇടപെടൽ നടത്തിയ ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർക്ക് എൽ.ഡി.എഫ്. നേതൃത്വത്തിൽ നാളെ കട്ടപ്പനയിൽ സ്വീകരണം നൽകും. രാവിലെ 10ന് ഹിൽടൗൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എം.എം. മണി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ വാഴൂർ സോമൻ, അഡ്വ. എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, സ്‌പൈസസ് ബോർഡ് വൈസ് ചെയർമാൻ സ്റ്റെനി പോത്തൻ, കെ.കെ. ജയചന്ദ്രൻ, കെ.കെ. ശിവരാമൻ, മാത്യു വർഗീസ്, സി.വി. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.

200 ടണ്ണോളം ഏലയ്ക്ക കിറ്റിനൊപ്പം നൽകാൻ സംഭരിക്കും. സർക്കാർ തീരുമാനം അര ലക്ഷത്തോളം കർഷകർക്കും ഒന്നര ലക്ഷത്തോളം തൊഴിലാളികൾക്കും ആശ്വാസകരമാകുമെന്ന് എൽ.ഡി.എഫ്. ഭാരവാഹികളായ വി.ആർ. സജി, വി.ആർ. ശശി, അഡ്വ. മനോജ് എംതോമസ് എന്നിവർ അറിയിച്ചു.