വൈക്കം : പള്ളിപ്രത്തുശേരി സർവിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വൈക്കം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ എതിർവശത്ത് നിർമ്മിക്കുന്ന മൾട്ടി സർവീസ് സെന്ററിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് നിർവഹിച്ചു. ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി അദ്ധ്യക്ഷത വഹിച്ചു. വൈക്കം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ് , കേരള ബാങ്ക് സീനിയർ മാനേജർ സെബാസ്റ്റ്യൻ, എം.ഡി. ബാബുരാജ്, ജോയി ചെറുപുഷ്പം, എം.അബു, എം.കെ.രവീന്ദ്രൻ, വൈക്കം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ.സി.ജോസഫ്, ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി, സെക്രട്ടറി എൻ.കെ.സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള 48 സെന്റ് സ്ഥലത്ത് നാലുനിലകളിലായി 165000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വ്യാപാര സമുച്ചയം നിർമ്മിക്കുന്നത്. നബാഡിന്റെയും കേരള ബാങ്കിന്റേയും ധനസഹായത്തോടെ തീർക്കുന്ന മൾട്ടി സർവീസ് സെന്ററിൽ നീതി സൂപ്പർമാർക്കറ്റ്, അഗ്രോ ഷോപ്പ്, ട്രെയിനിംഗ് ഹാൾ, ഡയഗ്നോസ്റ്റിക് സെന്റർ, നീതി മെഡിക്കൽസ്, ഡോക്ടേഴ്‌സ് കൺസൾട്ടിംഗ് സെന്റർ, കോൾഡ് സ്റ്റോറേജ് എന്നിവ ഉണ്ടായിരിക്കും.