പാലാ : ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ പാലാ നിയോജക മണ്ഡലത്തിൽപ്പെട്ട ഭാഗങ്ങളിൽ ബിസി ഓവർലേ ടാറിംഗിന് 6 കോടി 25 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. രണ്ടു വർക്കുകൾക്കായിട്ടാണ് തുക അനുവദിച്ചത്. ആദ്യവർക്കിൽ ഹൈവേയിൽ ഇന്ത്യാർ റബർ ഫാക്ടറി മുതലുള്ള 900 മീറ്റർ ഭാഗത്തും, തുടർന്ന് മഹാറാണി ജംഗ്ഷൻ മുതൽ കൊച്ചിടപ്പാടി വരെ ഓവർലേ ചെയ്യുന്നതിന് 2.25 കോടിയും അനുവദിച്ചു. തുടർന്ന് കൊച്ചിടപ്പാടി മുതൽ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷൻവരെയുള്ള ഭാഗത്ത് ഓവർലേ ചെയ്ത് നവീകരിക്കുന്നതിന് 4 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാൻ ചെത്തിമറ്റം മൂന്നാനി ഭാഗത്ത് റോഡിന്റെ ഉയരം കൂട്ടുന്ന ജോലിയും ഇതോടൊപ്പം ചെയ്യും. ഇതിനായി റോഡ് സേഫ്‌റ്റി അതോററ്റി അനുവദിച്ച തുക ഉപയോഗിക്കും. റോഡിൽ സൈൻ ബോർഡുകളും ആവശ്യമായ ഓടകളും നിർമ്മിക്കും. മഴ മാറിയാലുടൻ പണികൾക്ക് തുടക്കമാകുമെന്നും എം.എൽ.എ അറിയിച്ചു.