കൊടുങ്ങൂർ : വാഴൂർ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ മാലിന്യപദ്ധതി വൃത്തിയുള്ള വാഴൂർ എന്ന പേരിൽ തുടക്കമായി. മാലിന്യ നിർമ്മാർജ്ജനത്തിനായി എല്ലാ വീടുകളിലും ബയോകമ്പോസ്റ്റർ വിതരണം ചെയ്യും. ഭക്ഷ്യ അവശിഷ്ടങ്ങൾ ഉൾപ്പെടെ ജൈവമാലിന്യങ്ങൾ വലിച്ചെറിയാതെ വീട്ടുപരിസരത്ത് തന്നെ സംസ്‌കരിച്ച് വളമാക്കി എടുക്കുന്നതിനുള്ള സംവിധാനമാണ് ബയോ കമ്പോസ്റ്റർ. ഗ്രാമപഞ്ചായത്തിലെ 481 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. 8,65,800 രൂപയാണ് പദ്ധതി ചെലവ്. 200 കുടുംബങ്ങൾക്കുള്ള ബയോകമ്പോസ്റ്റ് വിതരണം പൂർത്തിയായി. അപേക്ഷയും ഗുണഭോക്തൃ വീതവും സമർപ്പിക്കുന്ന മുറയ്ക്ക് മറ്റു കുടുംബങ്ങൾക്ക് കൂടി ബയോ കമ്പോസ്റ്റ് വിതരണംചെയ്യും. ഹരിതകർമ്മ സേന അംഗങ്ങൾ ഓരോ മാസവും പ്രവർത്തനം വിലയിരുത്തും. പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി. സേതുലക്ഷ്മി ശ്രീകാന്ത്.പി. തങ്കച്ചൻ, അജിത് കുമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മനോജ് കുമാർ എന്നിവർ സംസാരിച്ചു.