കോട്ടയം : പാത ഇരട്ടിപ്പിക്കലിെന്റ ഭാഗമായി പൊളിച്ചു പണിത നഗരത്തിലെ റബർ ബോർഡ് റെയിൽവേ മേൽപ്പാലത്തിന്റെ കോൺക്രീറ്റിംഗ് പൂർത്തിയായതോടെ എത്രയും വേഗം പാലം തുറന്നു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇനി ബാരിക്കേഡുകളുടെ ഉൾപ്പെടെ നിർമാണം പൂർത്തിയാക്കണം.
2019 ജനുവരി 15നായിരുന്നു കോട്ടയം റബർ ബോർഡ് ഓഫീസിന് സമീപത്തെ പാലത്തിെന്റ പുനർനിർമാണ ജോലികൾ ആരംഭിച്ചത്. തുടർന്ന് റെയിൽവേ സ്റ്റേഷൻ കഞ്ഞിക്കുഴി മദർ തെരേസ റോഡിൽ ഗതാഗതവും നിരോധിച്ചിരുന്നു. ആദ്യഘട്ടത്തിൽ ജോലികൾ അതിവേഗം മന്നേറിയെങ്കിലും പിന്നീട് ഗർഡറുകൾ എത്താൻ വൈകിയതോടെ ജോലികൾ നിലച്ചു. കാത്തിരിപ്പിനൊടുവിൽ ആഴ്ചകൾക്ക് മുമ്പ് ഗർഡർ ചെന്നൈയിൽ നിന്ന് എത്തിച്ച് സ്ഥാപിച്ചിരുന്നു. ഇതിന് മുകളിലാണ് കോൺക്രീറ്റിംഗ് നടത്തിയത്. പാലം പുതുക്കിപ്പണിയുന്നതിന് മുന്നോടിയായി സമീപത്തെ ജലസംഭരണി പൊളിച്ചുമാറ്റിയിരുന്നു. മുള്ളൻകുഴി പാലത്തിന് സമീപമാണ് പുതിയതായി സംഭരണി നിർമ്മിച്ചത്. ഇതിനൊപ്പം പാലത്തിലൂടെയുള്ള ടെലിഫോൺ കേബിളുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും മാറ്റി സ്ഥാപിച്ചു. ചെറുപാലം നിർമിച്ചായിരുന്നു കുടിവെള്ള പൈപ്പുകൾ കടത്തിവിട്ടത്.

കെ.കെ.റോഡിന് സമാന്തരമായി കോട്ടയം നഗരത്തിൽ നിന്നും കഞ്ഞിക്കുഴിയിൽ വേഗത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. വലിയ വാഹനത്തിരക്കില്ലാത്തതിനാൽ നിരവധിപേർ ഇതിനെ ആശ്രയിച്ചിരുന്നു. നിലവിൽ ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ 17 കി. മീറ്ററിലാണ് പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നത്. ഇത് ഡിസംബറിൽ പൂർത്തിയാക്കാനാണ് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ കൊവിഡ്, ലോക് ഡൗൺ എന്നിവ ജോലികളെ ബാധിച്ചിട്ടുണ്ട്. ഈ ഭാഗത്തെ ജോലികൾ പൂർണമാകുന്നതോടെ കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കലിൽ പൂർണമാകും.

പാലത്തിന്റെ ഗുണം

കീഴുകുന്ന് എ.ആർ. ക്യാമ്പ്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലേക്കും റെയിൽവേ സ്റ്റേഷൻ, ജില്ല ജയിൽ, ലോഗോസ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും വേഗത്തിൽ ഇതുവഴി എത്താൻ കഴിയുമായിരുന്നു. പാലം പൂർത്തിയാകുന്നത് നഗരത്തിലെ ഗതാഗത കുരുക്കും കുറയാൻ സഹായമാകും.