ചെയർമാന്റെ മറുപടി തടസപ്പെടുത്താനൊരുങ്ങി മുൻ ചെയർപേഴ്‌സണും സംഘവും
പാലാ : നഗരസഭ കൗൺസിൽ യോഗം റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. ഇന്നലെ ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവിന്റെ ചോദ്യത്തോട് അസഹിഷ്ണുത പുലർത്തിയ ഭരണപക്ഷത്തെ ഒരു മുൻ ചെയർപേഴ്‌സണും ചില കൗൺസിലർമാരും വെറുതെ ബഹളമുയർത്തി ചെയർമാന്റെ മറുപടി തടസപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. കൗൺസിൽ യോഗത്തിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നീക്കമുള്ളതായുള്ള ' കേരള കൗമുദി ' ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ബഹളത്തിനിടയിൽ മറുപടി പറയാതെ ചെയർമാൻ ജനാധിപത്യ നടപടികളിൽ നിന്ന് ഒളിച്ചോടരുതെന്ന് സതീഷ് ചൊള്ളാനിയും, വി.സി.പ്രിൻസും ആവശ്യപ്പെട്ടു. ഇതിനിടയിലും ബഹളമുയർത്തിയ ഭരണപക്ഷ കൗൺസിലർമാരോട് സീറ്റിൽ ഇരിക്കാൻ തുടരെ ആവശ്യപ്പെട്ട ശേഷമാണ് ഇക്കാര്യത്തിൽ നഗരസഭയുടെ നിലപാട് ചെയർമാൻ വിശദീകരിച്ചത്.
ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി
കൗൺസിൽ യോഗങ്ങളിൽ നിന്ന് മാദ്ധ്യമങ്ങളെ ഒഴിവാക്കാനുള്ള ഇടതുമുന്നണി പാർലമെന്ററി പാർട്ടി അഭിപ്രായം പ്രാവർത്തികമാക്കാൻ ശ്രമിൽ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടി വരുമെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും ആവശ്യപ്പെട്ട് കൗൺസിലർ വി.സി.പ്രിൻസ് നേരത്തെ അധികാരികൾക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭയിലെ ഇടതുമുന്നണി പാർലമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലിൽ നിന്ന് മാദ്ധ്യമപ്രവർത്തകരെ ഒഴിവാക്കണമെന്ന് വീറോടെ വാദിച്ചതും ഒരു മുൻ ചെയർപേഴ്‌സണായിരുന്നു.