കട്ടപ്പന: വാഴവര അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ വാക്‌സിനേഷൻ കേന്ദ്രം ആരംഭിച്ചു. നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് നഗരസഭയിലെ രണ്ടാമത്തെ കേന്ദ്രം തുറന്നത്. മേഖലയിലുള്ളവർക്ക് താലൂക്ക് ആശുപത്രിയിലും ടൗൺ ഹാളിലുമെത്തി വാക്‌സിൻ സ്വീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. തുടർന്ന് കൗൺസിലർമാരായ ബെന്നി കുര്യൻ, ജെസി ബെന്നി, ബിനു കേശവൻ എന്നിവരുടെ ഇടപെടലിൽ നഗരസഭ പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കുകയായിരുന്നു. കാമാക്ഷി, ഇരട്ടയാർ പഞ്ചായത്തുകളിലുള്ളവർക്കും ഇവിടെ എത്തി വാക്‌സിൻ സ്വീകരിക്കാനാകും. നഗരസഭാദ്ധ്യക്ഷ ബീന ജോബി ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ ബെന്നി കുര്യൻ, ജെസി ബെന്നി, ബിനു കേശവൻ, ഡോ. ജെസ് ജോയി, ഡോ. അജയ് ജോൺ, സജീവ് എം.പി. തുടങ്ങിയവർ പങ്കെടുത്തു.