മുണ്ടക്കയം: മണിമലയാറ്റിൽ വിനോദ സഞ്ചാര പദ്ധതി നടപ്പാകുമോ? വലിയ പ്രതീക്ഷയിലാണ് മലയോരമേഖല. പട്ടണത്തിന്റെ മുഖച്ഛായ മാറ്റി മണിമലയാറിന്റെ തീരത്ത് ബൈപാസ് വന്നപ്പോൾ മുതൽ ചർച്ചകളിൽ ഉയർന്നതാണ് വിനോദസഞ്ചാര പദ്ധതി. ആവശ്യമായ സ്ഥലവും സൗകര്യവും ഉള്ളതുകൊണ്ട് പദ്ധതി നടപ്പാക്കാനുള്ള ആദ്യഘട്ട നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് നടപടികൾ ആരംഭിക്കാൻ നിർദേശം നൽകിയത്.
മണിമലയാറിന്റെ തീരത്ത് വിനോദ സഞ്ചാരപദ്ധതി നടപ്പായാൽ നഗരത്തിന്റെ ഭാവം തന്നെ മാറും. തേക്കടി, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന ഇടത്താവളമാകും മുണ്ടക്കയം. നിലവിൽ സമീപത്തെ പെരുവന്താനം പഞ്ചായത്തിൽ മണിക്കല്ലിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ ആറ്റിൽ തടയണ നിർമിച്ച് വിനോദ സഞ്ചാരപദ്ധതി ആരംഭിച്ചിരുന്നു. ഈ മാതൃക മുണ്ടക്കയത്തും ഫലപ്രദമാക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ പറഞ്ഞു
മണിമലയാറിന്റെ കരയിലൂടെ കടന്നുപോകുന്ന ബൈപാസ് റോഡിൽ കോസ്‌വേ പാലം മുതൽ ചാച്ചികവല റോഡ് സംഗമിക്കുന്ന പ്രദേശം വരെ ദൃശ്യ മനോഹരമാണ്. സായാഹ്നത്തിൽ ഇവിടെ ചെലവഴിക്കാൻ ഇപ്പോൾ തന്നെ നിരവധിയാളുകൾ എത്തുന്നുണ്ട്. ജലാശയത്തിൽ ബോട്ടിംഗ് ആരംഭിക്കാനാണ് ആദ്യ നീക്കം. ഇരിപ്പിടങ്ങളും മേൽക്കൂരകളുള്ള വിശ്രമകേന്ദ്രങ്ങളും ആവശ്യമാണ്. നിലവിൽ ബൈപാസ് റോഡിൽ വഴിവിളക്കുകളുടെ അഭാവം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ ഇവിടെ തമ്പടിക്കുന്നു.
ഉയരം വർദ്ധിപ്പിക്കണം
വിനോദ സഞ്ചാരപദ്ധതിയിൽ ബോട്ടിംഗ് ഉൾപ്പെടെ തുടങ്ങണമെങ്കിൽ നിലവിലുള്ള ചെക്ക് ഡാമിന്റെ ഉയരം കൂട്ടണം. അതിനായി ആറിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമിക്കണം. ഈ കാര്യങ്ങൾ ഉൾപ്പെടുത്തി മേജർ ഇറിഗേഷൻ വകുപ്പിന് കത്ത് നൽകും. തുടർന്ന് സാധ്യതാപഠനങ്ങൾ നടത്തി പദ്ധതി തയാറാക്കാനാണ് നീക്കം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അറിയിച്ചു.