അടിമാലി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ കല്ലാർ പാലത്തിൽ രൂപം കൊണ്ടിട്ടുള്ള കുഴികൾ അടയ്ക്കാൻ നടപടി വേണമെന്നാവശ്യം. പാലത്തിന്റെ നടുവിലായി കോൺക്രീറ്റ് ഇളകി രൂപം കൊണ്ട കുഴിയിൽ നിന്ന് ഇരുമ്പു കമ്പികൾ മുകളിലേക്ക് ഉയർന്ന് നിൽക്കുന്നുണ്ട്. റോഡിൽ നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഇരു ഭാഗങ്ങളിലും കോൺക്രീറ്റിളകി റോഡിന് കുറുകെ കുഴി രൂപപ്പെട്ടിട്ടുണ്ട്. ചെറുവാഹനങ്ങൾക്കും ഇരുചക്രവാഹന യാത്രികർക്കും ഈ കുഴികൾ വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. മഴപെയ്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ചെറു കുഴികൾ വാഹന യാത്രികരുടെ ശ്രദ്ധയിൽപ്പെടാറില്ല. ഇക്കാരണം കൊണ്ടു തന്നെ കുഴികളിൽ അകപ്പെട്ട് ഇരുചക്രവാഹനയാത്രികരുടെ നിയന്ത്രണം നഷ്ടമാകുന്നത് പതിവ് സംഭവമാണ്. കുഴികൾ കോൺക്രീറ്റ് ചെയ്തടക്കാൻ ദേശീയപാത അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.